India - 2025
പഴയങ്ങാടി ദേവാലയത്തിലെ കപ്യാര്‍ എഴുപതുകാരി ത്രേസ്യ
09-01-2020 - Thursday
വേലൂര്‍: ദേവാലയ ശുശ്രൂഷി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടെയും മനസില്‍ വരുക പുരുഷന്മാരായിരിക്കും. എന്നാല്‍ ഈ കണക്കുകൂട്ടലിനെ തെറ്റിച്ചുകൊണ്ട് ശ്രദ്ധേയയാകുകയാണ് എഴുപതുകാരിയായ ത്രേസ്യ. ജര്‍മന്‍ മിഷനറി അര്‍ണോസ് പാതിരി ആദ്യമായെത്തിയതും കുര്‍ബാനയര്‍പ്പിച്ചതുമായ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യാന്‍സ് പള്ളിയിലെ വനിതാ കപ്യാരായി നാട്ടുകാരുടെ പ്രിയപ്പെട്ട ത്രേസ്യച്ചേടത്തി 8 വര്‍ഷമായി സേവനം ചെയ്യുന്നു. പുരുഷന്‍മാര്‍ മാത്രം ചെയ്തുവന്നിരുന്ന ദേവാലയ ശുശ്രൂഷി എന്ന ജോലി ഏറ്റെടുക്കുവാനുള്ള നിശ്ചയദാര്‍ഢ്യം ത്രേസ്യയ്ക്കുണ്ടായിരിന്നു. ജോലി ഭാരം ഇരട്ടിച്ചതോടെ കപ്യാരാകാന്‍ ആരുണ്ട് എന്ന വികാരി ഫാ. ജോണ്‍ മുളയ്ക്കന്റെ ചോദ്യത്തിനു മുന്നില്‍, അരനൂറ്റാണ്ടുകാലത്തെ മതബോധന രംഗത്തെ അധ്യാപക പരിചയമുള്ള ഇവര്‍ തയാറാവുകയായിരുന്നു.
150 കടുംബങ്ങള്‍ ഉള്ള ഇടവകയില്‍ 8 വര്‍ഷം മുന്‍പ് കപ്യാര്‍ സ്ഥാനമൊഴിഞ്ഞതോടെയാണു ത്രേസ്യ വരുന്നത്. പുലര്‍ച്ചെ 4.15ന് ഉറക്കമുണരുന്ന ത്രേസ്യ തനിച്ച് മുക്കാല്‍ കിലോമീറ്ററോളം വയല്‍ വരമ്പിലൂടെ നടന്നുവന്നാണു 5ന് പള്ളിമണി മുഴക്കുന്നത്. സന്ധ്യയ്ക്ക് ഏഴു മണിയോടെ വീണ്ടുമെത്തി മണിമുഴക്കും. മഴയായാലും മഞ്ഞായാലും ഇതു മുടക്കില്ല. പള്ളിയിലെ കൂദാശകള്‍ക്കും ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍, വീട് വെഞ്ചിരിപ്പ് എന്നിവയടക്കമുള്ള ചടങ്ങുകള്‍ക്കെല്ലാം വൈദികനു സഹായിയായി കപ്യാര്‍ മേരി ഒപ്പമുണ്ട്. സഹോദരന്‍ ദേവസിയുടെ സംസ്‌കാരചടങ്ങുകളില്‍ നിറകണ്ണുകളോടെയാണെങ്കിലും നിറഞ്ഞ മനസാന്നിധ്യത്തോടെയാണ് ഇവര്‍ കപ്യാരുടെ ജോലി നിര്‍വഹിച്ചത്. തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ് ഈ വനിത കപ്യാര്‍.