News - 2025
വത്തിക്കാന്‍ കരാര്‍ ഫലരഹിതം, 2019 ചൈനീസ് ക്രൈസ്തവരുടെ പീഡന വര്‍ഷം: അമേരിക്ക
സ്വന്തം ലേഖകന്‍ 09-01-2020 - Thursday
വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നും, വത്തിക്കാന്‍-ചൈന ഉടമ്പടി നിലവില്‍ വന്നതിനു ശേഷവും ചൈനയിലെ ക്രൈസ്തവര്‍ ശക്തമായ മതപീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി അമേരിക്കന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്ത്. സര്‍ക്കാരിന്റെ കീഴില്‍ ചൈനയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ കോണ്‍ഗ്രഷണല്‍-എക്സിക്യൂട്ടീവ് കമ്മീഷന്‍ ഓണ്‍ ചൈനയുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാര്യങ്ങളാണ് ഇതില്‍ വിശകലനം ചെയ്തിരിക്കുന്നത്.
ചൈനയിലെ രാഷ്ട്രീയവും, സാമൂഹികവുമായ നിയന്ത്രണം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ നിയമവ്യസ്ഥയെ ദുരുപയോഗം ചെയ്തെന്നും ഇത് മനുഷ്യാവകാശത്തെ കഠിനമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയും, വത്തിക്കാന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന അധോസഭയും തമ്മില്‍ ഐക്യപ്പെടുത്തുന്നത് സംബന്ധിച്ച് 2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിനു ശേഷവും കടുത്ത മതപീഡനം രാജ്യത്തു അരങ്ങേറിയിട്ടുണ്ട്. ദേവാലയങ്ങള്‍ തകര്‍ക്കുക, കുരിശു രൂപങ്ങള്‍ നശിപ്പിക്കുക, വൈദികരെ അന്യായമായി തടവിലാക്കുക തുടങ്ങിയ മതപീഡനങ്ങള്‍ ചൈനയില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
ഈ വര്‍ഷവും അടിച്ചമര്‍ത്തല്‍ തുടരുവാനാണ് ചൈനീസ് സര്‍ക്കാരിന്റെ പദ്ധതിയെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടില്‍ നല്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തത്വങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കുവാന്‍ മതസംഘടനകളെ നിര്‍ബന്ധിതരാക്കുന്ന നിയമം ഫെബ്രുവരിയില്‍ നടപ്പിലാക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ അധോസഭയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരാധകളും നിയമവിരുദ്ധമാക്കപ്പെടും. ഹെബേയി പ്രവിശ്യയിലെ ഷുവാന്‍ഹുവ രൂപതയിലെ ക്രിസ്ത്യന്‍ വൈദികരെ അന്യായമായി തടവിലാക്കിയ കാര്യവും, ഉയിഗുര്‍ മുസ്ലീങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2000-ലാണ് കോണ്‍ഗ്രഷണല്‍-എക്സിക്യൂട്ടീവ് കമ്മീഷന്‍ ഓണ്‍ ചൈന സ്ഥാപിതമായത്.