Life In Christ - 2025
ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ളവരുടെ പട്ടികയില്‍ വീണ്ടും സിസ്റ്റര്‍ ലൂസി കുര്യന്‍
സ്വന്തം ലേഖകന്‍ 10-01-2020 - Friday
മുംബൈ: ന്യൂയോര്‍ക്ക് ആസ്ഥാനമായ ഊം 100 മാസിക തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരുടെ പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മാഹേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡയറക്ടറും കണ്ണൂര്‍ കോളയാട് വാക്കച്ചാലില്‍ കുടുംബാംഗവുമായ സിസ്റ്റര്‍ ലൂസി കുര്യന്‍. രാജ്യാന്തരതലത്തില്‍ നടത്തിയ വോട്ടെടുപ്പിലൂടെ പ്രമുഖ വ്യക്തികളടങ്ങിയ ജൂറിയാണ് സിസ്റ്റര്‍ ലൂസിയെ 2019-ലെ ഈ അപൂര്‍വ ബഹുമതിക്ക് തെരഞ്ഞെടുത്തത്. 2018ലും സിസ്റ്റര്‍ പട്ടികയില്‍ ഇടം നേടിയിരിന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ, മിഷേല്‍ ഒബാമ, ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സാന്നാ മറിന്‍, അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീക്ക ആന്‍ഡേഴ്‌സണ്‍, ദലൈ ലാമ തുടങ്ങിയവരൊക്കെയാണ് പട്ടികയിലുള്ള പ്രമുഖര്‍. 35ാം സ്ഥാനത്താണ് സിസ്റ്റര്‍ ലൂസി കുര്യന്‍.
1955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു.
1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂണെയിൽ സ്ഥാപിച്ചു. ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങളോളം സേവനം ചെയ്യുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു. നീർജ ഭാനോട് അവാർഡ്, ജിജാഭായ് അച്ചീവേഴ്സ് അവാർഡ്, ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് - 'യൂണിറ്റി ഓഫ് റിലീജിയൺസ്', വനിത വുമൺ ഓഫ് ദ ഇയർ, ലീഡർഷിപ്പ് അവാർഡ് അടക്കം നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ നൂറ്റമ്പതോളം പുരസ്കാരങ്ങള്‍ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് സിസ്റ്റര്‍ ലൂസി കുര്യന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.