Life In Christ - 2025

സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിനു ആരംഭം

സ്വന്തം ലേഖകന്‍ 07-01-2020 - Tuesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രേഷിത കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ക്രിസ്തുവെന്ന സന്ദേശത്തെ അറിയുക, അറിയിക്കുക, സാക്ഷികളായിത്തീരുക എന്നിവ ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന കടമയാണെന്നുള്ള സത്യം അടുത്തറിയാന്‍ പ്രേഷിതവരാചരണം കാരണമായിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രേഷിതമേഖലകള്‍ സന്ദര്‍ശിക്കാനും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും വിവിധ അല്‍മായ കൂട്ടായ്മകള്‍ മുന്നോട്ടുവരുന്നതിനെ അദ്ദേഹം ശ്ലാഘിച്ചു.

18 ഓളം മെത്രാന്മാരും വൈദികരും, സന്യസ്തരും അല്മായരും ചടങ്ങില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വാസികള്‍ കൂടുതല്‍ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരങ്ങള്‍ തുറക്കുന്നതിനുമായി ആചരിക്കുന്ന സീറോ മലബാര്‍ സഭ പ്രേഷിതവാരം എല്ലാവര്‍ഷവും ജനുവരി ആറു മുതല്‍ 12 വരെയാണ് നടത്തുന്നത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എസ് വൈഎംഎം ഡയറക്ടറും ഷംഷാബാദ് രൂപത മെത്രാനുമായ മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എസ് വൈഎംഎം ഡയറക്ടര്‍ ഫാ. സിജു അഴകത്ത് പ്രസംഗിച്ചു. ഫാ. ജോസഫ് തോലാനിക്കല്‍, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ മരിയ റാണി, സിസ്റ്റര്‍ റോസ്മിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

More Archives >>

Page 1 of 24