News - 2025
ആഗോള ക്രൈസ്തവ ഐക്യവാരം ജനുവരി 18 മുതല്‍ 25 വരെ
സ്വന്തം ലേഖകന്‍ 10-01-2020 - Friday
റോം: വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതം ധ്യാന വിഷയമാക്കി ആഗോള ക്രൈസ്തവ ഐക്യവാരം ജനുവരി 18 മുതല്‍ 25 വരെ നടക്കും. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും, ക്ഷമയുടെയും പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ക്രൈസ്തവ മക്കള്‍ക്ക് സാധിക്കണം എന്ന പ്രായോഗിക നിര്‍ദ്ദേശവുമായിട്ടാണ് ഈ വര്‍ഷം ക്രൈസ്തവ സഭകള്‍ ഐക്യവാരം ആചരിക്കുന്നതെന്ന്‍ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ കുറിച്ചു. ജനുവരി 18 ശനിയാഴ്ച ആരംഭിച്ച് ജനുവരി 25 ശനിയാഴ്ച പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര മഹോത്സവത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് ലോകത്തിന്‍റെ മിക്കഭാഗങ്ങളിലും ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരം ക്രമീകരിച്ചിരിക്കുന്നത്.
മാള്‍ട്ടയിലെയും, സമീപ ദ്വീപായ ഗോസ്സോയിലെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോടും, ഇതര ക്രിസ്ത്യന്‍ സഭകളുടെ കൗണ്‍സിലുകളും ചേര്‍ന്ന് ഈ വര്‍ഷത്തെ സഭൈക്യപ്രാര്‍ത്ഥനകള്‍ ഒരുക്കിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ വഴി ജെറുസലേമില്‍ നിന്നും റോമിലേയ്ക്കുള്ള യാത്രാമദ്ധ്യേ കപ്പല്‍ അപകടത്തില്‍പ്പെട്ട് മാള്‍ട്ടയുടെ തീരങ്ങളിലായി ഗോസ്സോയില്‍ അടിഞ്ഞെത്തിയ 'പൗലോസ് അപ്പസ്തോലനെ അവിടത്തെ ജനങ്ങള്‍ അത്യപൂര്‍വ്വമായ കാരുണ്യത്തോടെ സ്വീകരിച്ചു'വെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ (28:2) ഭാഗമാണ് ഇത്തവണത്തെ ധ്യാനവിഷയം. പെസഹാക്കാലത്തോട് അനുബന്ധിച്ചും ക്രൈസ്തവൈക്യവാരം ചിലയിടങ്ങളില്‍ ആചരിക്കാറുണ്ട്.