India - 2024

സംവരണേതര വിഭാഗങ്ങളിലെ പരിഗണന: സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സിനഡ്

11-01-2020 - Saturday

കൊച്ചി: സംവരണേതര വിഭാഗങ്ങളിലെ സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭാ സിനഡ്. സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണേതര ക്രൈസ്തവ വിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ പ്രത്യാശയ്ക്കു വക നല്‍കുന്ന നടപടിയാണെന്ന് സിനഡ് വിലയിരുത്തി.

എന്നാല്‍, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഭൂപരിധി സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചത് അനീതിപരമാണെന്നു സിനഡ് വിലയിരുത്തി. കേരളത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന വിഭാഗമാണ് സംവരണേതര ജനസമൂഹത്തിലെ വലിയ ശതമാനമായ കര്‍ഷകര്‍. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് രൂക്ഷമായി തുടരുന്നതിനാലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, നിലംതോട്ടം ഭൂമികളെ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ മൂലവും കൃഷിഭൂമിയുടെ ക്രയവിക്രയം പോലും സാധ്യമല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക ജനത തികഞ്ഞ ദാരിദ്ര്യത്തിലും കടബാധ്യതകളിലും കഴിഞ്ഞുകൂടുകയാണ്.

യാഥാര്‍ഥ്യം ഇതായിരിക്കേ ഭൂപരിധി സംബന്ധിച്ച കേന്ദ്ര മാനദണ്ഡമായ അഞ്ച് ഏക്കറില്‍നിന്നു 2.5 ഏക്കര്‍ ആയി കുറച്ചത് തികച്ചും അനീതിപരമാണ്. ഇതിനോടകം സാന്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തില്‍നിന്നു താഴ്ത്തി നിശ്ചയിച്ചിട്ടില്ലെന്നിരിക്കേ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണ്.

കേരളത്തില്‍ സാമ്പത്തിക സംവരണത്തിന്റെയും സാമ്പത്തിക പിന്നാക്കാവസ്ഥയുടെയും മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ശശിധരന്‍ നായര്‍ കമ്മീഷന്‍ മുന്പാകെ കാര്‍ഷികമേഖലയില്‍ സംഭവിച്ച സാന്പത്തിക തകര്‍ച്ചയും വരുമാനശോഷണവും സംബന്ധിച്ച് ആധികാരികമായ കണക്കുകള്‍ സഹിതം വ്യക്തമായ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇവയൊന്നും കണക്കിലെടുക്കാതെയാണ് കമ്മീഷന്‍ ശിപാര്‍ശകള്‍ സമര്‍പ്പിച്ചത് എന്നതു ഖേദകരമാണ്. പിഎസ് സി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍ക്കുകൂടി ബാധകമാകത്തക്ക വിധത്തില്‍ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്തു 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം നടപ്പില്‍ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്നു സിനഡ് ആവശ്യപ്പെട്ടു.

കെഎഎസ് ഉള്‍പ്പെടെ നിലവില്‍ പിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും സാന്പത്തികസംവരണം കൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണം പിഎസ് സി വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ നടപ്പിലാക്കണമെന്നും സിനഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 57 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് നാല് ദിവസം നീണ്ടുനില്‍ക്കും.

More Archives >>

Page 1 of 293