News - 2024

യേശു ക്രിസ്തുവിനെ നിന്ദിച്ച നെറ്റ്ഫ്ലിക്സ് പരിപാടിക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബ്രസീല്‍ കോടതി

സ്വന്തം ലേഖകന്‍ 11-01-2020 - Saturday

റിയോ ഡി ജെനീറോ: യേശു ക്രിസ്തുവിനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ചു കൊണ്ടുള്ള നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് പരിപാടിയായ ‘ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ (ക്രിസ്തുവിന്റെ ആദ്യത്തെ പ്രലോഭനം) എന്ന കോമഡി ഷോക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവെക്കുവാന്‍ ബ്രസീലിലെ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജഡ്ജി ബെനഡിക്ടോ അബിക്കൈര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവെക്കുന്നത് ക്രിസ്ത്യന്‍ ഭൂരിപക്ഷമായ ബ്രസീലിയന്‍ ജനതക്ക് തന്നെ ഗുണകരമാണെന്നു ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

‘പോര്‍ട്ടാ ഡോസ് ഫുണ്ടോസ്’ (പിന്‍വാതില്‍) എന്ന ബ്രസീല്‍ ആസ്ഥാനമായുള്ള ‘യൂടൂബ്’ കോമഡി സംഘമാണ് ‘ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ പരിപാടിയുടെ നിര്‍മ്മാതാക്കള്‍. തന്റെ ജന്മദിനത്തില്‍ സ്വവര്‍ഗ്ഗാനുരാഗിയായ സുഹൃത്തുമൊത്ത് യേശു മറിയത്തേയും ഔസേപ്പിതാവിനേയും കാണുവാന്‍ വരുന്നതായാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൈവമാതാവായ കന്യകാമറിയത്തെയും പരിപാടിയില്‍ വളരെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. പരിപാടി വിവാദമാവുകയും ഇതിനെതിരെ പരക്കെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കീഴ്ക്കോടതിയുടെ ഉത്തരവ്. തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയ ഈ പരിപാടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ സംഘടന ഇതിനെതിരെ പരാതി നല്‍കുകയായിരിന്നു. ഏതാണ്ട് 24 ലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പരാതിയില്‍ മാത്രം ഒപ്പിട്ടിരിക്കുന്നത്.

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊണാരോയും, അദ്ദേഹത്തിന്റെ മകനും “മാലിന്യം” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പരിപാടിക്കെതിരെ രംഗത്ത് വന്നത്. ഇതിന്റെ നിര്‍മ്മാതാക്കള്‍ ബ്രസീലിയന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ലെന്നു പ്രസിഡന്റ് ട്വീറ്റിലും കുറിച്ചിരിന്നു. പരിപാടിയുടെ പേരില്‍ ടെക്സാസിലെ ടൈലര്‍ രൂപതാമെത്രാന്‍ ജോസഫ് സ്ട്രിക്ലാന്‍റ് അടക്കം നിരവധി പേര്‍ തങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് റദ്ദാക്കി. അതേസമയം കീഴ്ക്കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ട് ബ്രസീലിലെ സുപ്രീം കോടതി ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ സംപ്രേഷണം തുടരുവാന്‍ അനുവദിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.


Related Articles »