India - 2024

നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണം: സീറോ മലബാര്‍ സിനഡ്

12-01-2020 - Sunday

കൊച്ചി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് സീറോ മലബാര്‍ സഭാ സിനഡ് ആവശ്യപ്പെട്ടു. സിനഡിന്റെ രണ്ടാം ദിവസമാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നത്. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ നിയമനിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്ന്‍ സിനഡ് ആവശ്യപ്പെട്ടു.

പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം. അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥിക്യാമ്പുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും ഒരു പോലെ അധാര്‍മികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും സിനഡ് വിലയിരുത്തി.

More Archives >>

Page 1 of 293