India - 2025
റവ.ഡോ. ആന്റണി മണ്ണാര്‍കുളത്തിന്റെ മൃതസംസ്കാരം ഇന്ന്
12-01-2020 - Sunday
ചങ്ങനാശേരി: കഴിഞ്ഞ ദിവസം അന്തരിച്ച ചങ്ങനാശേരി അതിരൂപതാംഗവും പ്രമുഖ മനഃശാസ്ത്രജ്ഞനും നെടുംകുന്നം സഞ്ജീവനി മാനസിക കേന്ദ്രം, മദര്‍ തെരേസ ഹോം എന്നിവയുടെ സ്ഥാപകനും വടവാതൂര്‍ സെമിനാരി മുന്‍ അധ്യാപകനുമായ റവ.ഡോ. ആന്റണി മണ്ണാര്‍കുളത്തിന്റെ മൃതസംസ്കാരം ഇന്ന്. ഉച്ചയ്ക്ക് ഒന്നിനു ചുങ്കപ്പാറ കോട്ടാങ്ങലുള്ള കുടുംബവസതിയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.15ന് കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയെത്തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കും. സമാപന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മൃതദേഹം ഇന്നുച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാളെ രാവിലെ പത്തുവരെ നെടുംകുന്നം മദര്‍ തെരേസാ ഹോമിലും നാളെ രാവിലെ 11ന് കോട്ടാങ്ങലുള്ള കുടുംബവസതിയിലുംു പൊതുദര്‍ശനത്തിനു വയ്ക്കും.
1943 മാര്‍ച്ച് ആറിനു മണ്ണാര്‍കുളം തോമസ് മറിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1968 ഡിസംബര്‍ 18ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ടിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കപ്പാട് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ് വൈദിക ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചത്. 1971ല്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായി നിയമിതനായി. റോം, അമേരിക്ക എന്നിവിടങ്ങളില്‍ മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം നടത്തിയ ഇദ്ദേഹം മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സംരക്ഷണത്തിനായി അക്ഷീണം പരിശ്രമിച്ച വൈദികനാണ്. മാങ്ങാനം എംഒസിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ചങ്ങനാശേരി അതിരൂപത 1993ല്‍ നെടുംകുന്നത്ത് സ്ഥാപിച്ച സഞ്ജീവനിയുടെ സ്ഥാപക ഡയറക്ടറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 2001ല്‍ നെടുംകുന്നത്ത് മദര്‍ തെരേസ ഹോമിന്റെ സ്ഥാപനത്തിനും അല്‍ഫോന്‍സാ സദന്‍, കാരുണ്യ ഭവന്‍, മദര്‍ തെരേസാ ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളുടെ സ്ഥാപനത്തിനും റവ.ഡോ. ആന്റണി മണ്ണാര്‍കുളം നേതൃത്വം നല്‍കി.
![](/images/close.png)