News - 2025
കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീൻ: ലിയോണാർഡോ സാന്ദ്രി വൈസ് ഡീന്‍
സ്വന്തം ലേഖകന്‍ 29-01-2020 - Wednesday
വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീനായി, ഇറ്റാലിയൻ വംശജനായ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെയെ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തു. പൌരസ്ത്യ തിരുസംഘത്തിന്റെ തലവനും അർജന്റീനിയന്‍ സ്വദേശിയുമായ കർദ്ദിനാൾ ലിയോണാർഡോ സാന്ദ്രിയായിരിക്കും സബ് ഡീൻ പദവി വഹിക്കുക. കർദ്ദിനാൾ ആഞ്ചലോ സോഡാനോ വിരമിച്ച ഒഴിവിലേക്കാണ് കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ നിയമിതനായിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇക്കഴിഞ്ഞ ജനുവരി 25നു വത്തിക്കാനില്‍ നടന്നു.
ഏതെങ്കിലും മാർപാപ്പ മരണമടയുമ്പോൾ, പ്രസ്തുത വിവരം വിവിധ രാജ്യങ്ങളുടെ തലവന്മാരെയും, നയതന്ത്ര പ്രതിനിധികളെയും അറിയിക്കേണ്ട ചുമതല ഡീനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കോൺക്ലേവിന് മുന്‍പ് നടക്കുന്ന കർദ്ദിനാൾ തിരുസംഘത്തിന്റെ സമ്മേളനങ്ങളിലും ഡീനാണ് അധ്യക്ഷ പദവി വഹിക്കുന്നത്. ജനുവരി മുപ്പതാം തീയതി, എണ്‍പത്തിയാറ് വയസ്സ് പൂർത്തിയാകുന്ന ജിയോവാനി ബാറ്റിസ്റ്റ റെ, 2017 ജൂൺ മാസം മുതൽ സബ് ഡീനിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. മെത്രാൻ തിരുസംഘത്തിന്റെ ചുമതലയും അദ്ദേഹം ഇതിനു മുൻപ് വഹിച്ചിട്ടുണ്ട്.
എന്നാൽ 80 വയസ്സിൽ കൂടുതൽ പ്രായമുള്ളതിനാൽ, അടുത്ത കോൺക്ലേവിൽ വോട്ട് ചെയ്യാൻ നിയുക്ത ഡീനിന് സാധിക്കില്ല. എഴുപത്തിയാറു വയസ്സുള്ള ലിയോണാർഡോ സാന്ദ്രിയായിരിക്കും അടുത്ത കോൺക്ലേവിൽ, സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന മാർപാപ്പയുടെ തെരഞ്ഞെടുപ്പിൽ അധ്യക്ഷത വഹിക്കുന്നത്. കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന 'ബിഷപ്പ് കർദ്ദിനാളു'മാരിൽ നിന്നാണ് സാധാരണയായി ഡീനിനെ മാർപാപ്പ തെരഞ്ഞെടുക്കുന്നത്. ഡീൻ പദവി അഞ്ചുവർഷമാക്കി ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ ചുരുക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക