News - 2024

വിശുദ്ധ കുര്‍ബാന സ്വീകരണം നാവില്‍ മാത്രം: കര്‍ശന നിര്‍ദ്ദേശവുമായി ആഫ്രിക്കൻ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 04-02-2020 - Tuesday

കംപാല: വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കുവാനും നാവില്‍ മാത്രം ദിവ്യകാരുണ്യം നല്‍കുവാനും നിര്‍ദ്ദേശിച്ച് ആഫ്രിക്കൻ ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ ലെവാംഗ. ഉഗാണ്ടയിലെ കംപാല അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ഫെബ്രുവരി ഒന്നാം തീയതി പുറത്തുവിട്ട ഡിക്രിയിലൂടെയാണ് അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീടുകളിലെ വിശുദ്ധ കുർബാന അർപ്പണവും പ്രസ്തുത ഡിക്രിയിലൂടെ തന്നെ ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ വിലക്കിയിട്ടുണ്ട്. വൈദികരും, പാരിഷ് കൗൺസിൽ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ വിശുദ്ധ കുർബാന കൈകളിലും നാവിലും വിശ്വാസികൾക്ക് സ്വീകരിക്കാമായിരുന്നു. എന്നാൽ ഇനിമുതൽ വൈദികർക്ക് നാവിൽ മാത്രമേ വിശുദ്ധ കുർബാന നൽകാൻ സാധിക്കുകയുള്ളൂ. ദൈവാരാധനയിലെ ഭക്തി നിലനിർത്താൻ മെത്രാന്മാർക്ക് സഭ നൽകിയിരിക്കുന്ന അധികാരം (കാനോൻ നിയമം 392:2) ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ ലെവാംഗ തന്റെ ഡിക്രിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവോസ്തി കൈകളിൽ സ്വീകരിക്കുമ്പോൾ, വിശുദ്ധ കുർബാനയ്ക്കു നൽകേണ്ട ശരിയായ ബഹുമാനം നൽകാതിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ വിശുദ്ധ കുർബാനയ്ക്ക് കൂടുതൽ ബഹുമാനം നൽകുന്ന നാവിൽ സ്വീകരിക്കുന്ന രീതിയിലേക്ക് നമുക്ക് മടങ്ങി പോകാമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

വിശുദ്ധമല്ലാത്ത ഇടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് തടയിടാനായാണ് വീടുകളിലെ ദിവ്യബലിയര്‍പ്പണം വിലക്കിയിരിക്കുന്നത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ആവശ്യത്തിന് ദേവാലയങ്ങൾ അതിരൂപതയിലുണ്ടെന്നും, അതിനാൽ വീടുകളിൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഡിക്രിയിൽ പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ കഴിയുന്നവർ യാതൊരു കാരണവശാലും വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സാധാരണ വിശ്വാസികളെ വിശുദ്ധ കുർബാന നൽകുന്നതിൽ നിന്നും വിലക്കിയെന്നതും മറ്റൊരു സുപ്രധാന തീരുമാനമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാം തന്നെ ഉടനടി അതിരൂപതയിൽ നടപ്പിലാക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »