News

വാക്ക് പാലിച്ച് അമേരിക്ക: മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സഖ്യം ഒടുവില്‍ യാഥാര്‍ത്ഥ്യം

സ്വന്തം ലേഖകന്‍ 07-02-2020 - Friday

വാഷിംഗ്‌ടണ്‍ ഡി.സി: ചരിത്രത്തിലാദ്യമായി ലോകമെങ്ങും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സമാനമനസ്കരായ 27 രാഷ്ട്രങ്ങള്‍ അടങ്ങുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യത്തിന് (ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അലയന്‍സ്) അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭം കുറിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുപത്തിയേഴോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അലയന്‍സ് (ഐ.ആര്‍.എഫ് അലയന്‍സ്) ഔപചാരികമായി ആരംഭിച്ചതായി പ്രഖ്യാപിച്ചത്. വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവര്‍ക്കു വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

മതസ്വാതന്ത്ര്യമെന്ന വിഷയം ആഗോള സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പോംപിയോ തന്റെ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ വാഷിംഗ്‌ടണില്‍ നടന്ന രണ്ടാമത് മതസ്വാതന്ത്ര്യ യോഗത്തില്‍വെച്ച് പോംപിയോ തന്നെയാണ് ഐ.ആര്‍.എഫ് അലയന്‍സിനെ കുറിച്ചുള്ള ആദ്യ സൂചന നല്‍കിയത്. ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യത്തെ വിലമതിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന സമാനമനസ്കരായ പങ്കാളികളുടെ സഖ്യമാണിതെന്ന് പോംപിയോ വ്യക്തമാക്കി.

ശക്തരായ രാഷ്ട്രങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് അവരുടെ ഉറവിടങ്ങളും കഴിവും ഉപയോഗിച്ച് മതസ്വാതന്ത്ര്യ ലംഘകരെ തടയുമെന്നും, മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപീഡനം അവസാനിപ്പിക്കുവാനും, വിശ്വാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുവാനും, വിശ്വാസ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുവാനും വ്യക്തമായ സ്വരത്തില്‍ ലോകരാഷ്ട്രങ്ങളോട് അമേരിക്ക ആഹ്വാനം ചെയ്യുന്നുവെന്നും പോംപിയോ പറഞ്ഞു.

മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നത് സംബന്ധിച്ച അംഗരാഷ്ട്രങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിച്ചുകൊണ്ട് കൂട്ടായ്മയുടെ ഭരണഘടനയായ “ഡിക്ലറേഷന്‍ ഓഫ് പ്രിന്‍സിപ്പിള്‍സ്” ഉയര്‍ത്തിപ്പിടിക്കുമെന്ന് സഖ്യ കക്ഷികള്‍ പ്രതിജ്ഞ ചെയ്തു. മതസ്വാതന്ത്ര്യ ലംഘനങ്ങളെ പതിവായി നിരീക്ഷിക്കുവാനും, റിപ്പോര്‍ട്ട് ചെയ്യുവാനും, ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുവാനും, മതപീഡനത്തിനിരയാകുന്നവരുടെ സഹായത്തിനെത്തുവാനും സഖ്യ രാഷ്ട്രങ്ങള്‍ ബാധ്യസ്ഥരാണെന്ന് ‘ഡിക്ലറേഷന്‍ ഓഫ് പ്രിന്‍സിപ്പിള്‍സ്’പറയുന്നു.

അല്‍ബേനിയ, ഓസ്ട്രിയ, ബോസ്നിയ, ഹെര്‍സെഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, കൊളംബിയ, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഗാംബിയ, ജോര്‍ജ്ജിയ, ഗ്രീസ്, ഹംഗറി, ഇസ്രായേല്‍, കൊസൊവോ, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്‌, പോളണ്ട്, സെനഗല്‍, സ്ലോവാക്യ, സ്ലോവേനിയ, ടോഗോ, യുക്രൈന്‍, യു.കെ എന്നീ 27 രാഷ്ട്രങ്ങളാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യത്തിലെ അംഗങ്ങള്‍.


Related Articles »