Life In Christ - 2024

ഗര്‍ഭഛിദ്ര അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ദൈവശാസ്ത്രജ്ഞന്‍ രാജിവെച്ചു

11-02-2020 - Tuesday

ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രം സംബന്ധിച്ച ഡൊമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖരുടെ നിലപാടില്‍ പ്രതിഷേധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍ ചാള്‍സ് കമോസി പാര്‍ട്ടി വിട്ടു. ഗര്‍ഭഛിദ്രം നല്ലതല്ല എന്നുപോലും പറയാനാവാത്ത അന്തരീക്ഷമാണു പാര്‍ട്ടിയിലെന്ന് ഡെമോക്രാറ്റ്‌സ് പ്രോലൈഫ് ഓഫ് അമേരിക്കയുടെ ബോര്‍ഡില്‍ നിന്നു രാജിവച്ചുകൊണ്ട് കമോസി പറഞ്ഞു. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ധര്‍മശാസ്ത്ര പ്രഫസറാണ് അദ്ദേഹം. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആശയം പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ വരെ പ്രകടിപ്പിക്കുന്നതില്‍ കമോസി രോഷം അറിയിച്ചു.

ജനസംഖ്യയില്‍ 13 ശതമാനം പേരുടെ പോലും പിന്തുണയില്ലാത്ത ഒരാശയത്തെ പാര്‍ട്ടി നേതാക്കള്‍ പിന്താങ്ങുന്നതു ഖേദകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം സ്ഥാനാര്‍ഥി മോഹികളായ പീറ്റ്ബുട്ടി ജിയേഗ്, ബേര്‍ണി സാന്‍ഡേഴ്‌സ്, എലിസബത്ത് വാറന്‍, ആന്‍ഡ്രൂ യാംഗ് തുടങ്ങിയവരൊന്നും ഗര്‍ഭഛിദ്രത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല. കമോസി താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വോട്ട് ചെയ്യില്ലെന്നും അമേരിക്കന്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ ചേരുമെന്നും പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് അമേരിക്കന്‍ സോളിഡാരിറ്റി പാര്‍ട്ടി.


Related Articles »