News - 2020

ദിവ്യകാരുണ്യ അജ്ഞത: രൂപതാതല കോണ്‍ഗ്രസ് പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍

സ്വന്തം ലേഖകന്‍ 13-02-2020 - Thursday

ഓക്ലാന്‍ഡ്‌: അമേരിക്കയിലെ വിശ്വാസികളില്‍ എഴുപതു ശതമാനവും ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അജ്ഞരാണെന്ന ‘പ്യൂ റിസേര്‍ച്ച്’ സെന്ററിന്റെ ഞെട്ടിക്കുന്ന സര്‍വ്വേ ഫലത്തിന്റെ പശ്ചാത്തലത്തില്‍ രൂപതാതല ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പ്രഖ്യാപനവുമായി കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡ്‌ രൂപത. മെത്രാനെന്ന നിലയില്‍, ഈ കണ്ടെത്തല്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും, ഇതിനോടുള്ള പ്രതികരണമായി വരുന്ന ജൂണ്‍ 19-20 തിയതികളിലായി ഓക്ലാന്‍ഡിലെ ക്രൈസ്റ്റ് ദി ലൈറ്റ് കത്തീഡ്രലില്‍ വെച്ച് രൂപതാതല യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുവെന്നുമാണ് ബിഷപ്പ് മൈക്കേല്‍ ബാര്‍ബര്‍ എസ്.ജെ വ്യക്തമാക്കിയിരിക്കുന്നത്.

ഓഗസ്റ്റില്‍ നടക്കുന്ന വാര്‍ഷിക കാറ്റെക്കെറ്റിക്കല്‍ കണ്‍വെന്‍ഷന്റെ മുഖ്യ പ്രമേയം ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമാണെന്നും വിശ്വാസികള്‍ക്കു എഴുതിയ കത്തില്‍ അദ്ദേഹം കുറിച്ചു. ദിവ്യകാരുണ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുവാനും, എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരേപ്പോലെ, ദിവ്യകാരുണ്യത്താല്‍ പരിപാലിക്കപ്പെടുകയും, രൂപപ്പെടുകയും ചെയ്ത ഒരു ജനതയയാണെന്ന്‍ ഉറപ്പിക്കുവാനും യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്ന് ബിഷപ്പ് പറയുന്നു. ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുക മാത്രമല്ല തന്റെ ലക്ഷ്യം. കോണ്‍ഗ്രസ് വഴി പുരോഹിതരേയും, മതാധ്യാപകരേയും ഡയറക്ടര്‍മാരേയും, യുവജന നേതാക്കളേയും ആവേശഭരിതരാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടെന്ന് ബിഷപ്പ് മൈക്കേല്‍ വ്യക്തമാക്കി.

രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിലെ ആദ്യദിനം വൈദികര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ആത്മീയ സംവാദങ്ങള്‍ക്കും, മെത്രാന്റെ പ്രഭാഷണത്തിനും, യുവജനങ്ങള്‍ക്കൊപ്പമുള്ള പ്രാര്‍ത്ഥനക്കും പുറമേ രാത്രി 11 മണിവരെ ആരാധനയും കോണ്‍ഗ്രസില്‍ നടക്കും. ജൂണ്‍ 20ന് ഇംഗ്ലീഷിലും, സ്പാനിഷിലുമുള്ള വിശുദ്ധ കുര്‍ബാനകളും, കത്തീഡ്രലിനോട് ചേര്‍ന്നുള്ള തെരുവിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവുമാണ് നടത്തുക. ബിഷപ്പ് മൈക്കേല്‍ ബാര്‍ബറിന്റെ അതേ ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇന്റര്‍നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസും നടക്കുക. പോളിഷ് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി, ഹംഗറി കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, സിറിയന്‍ ഗ്രീക്ക് കത്തോലിക്ക പാത്രിയാര്‍ക്ക് യൂസഫ്‌ അബ്സി തുടങ്ങിയ പ്രമുഖര്‍ ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »