News - 2024

പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിനു ശേഷമുളള ആദ്യ ബലിയര്‍പ്പണത്തിനായി സ്വിസ് കത്തീഡ്രൽ

സ്വന്തം ലേഖകന്‍ 19-02-2020 - Wednesday

ജനീവ: അഞ്ഞൂറോളം വർഷങ്ങൾക്ക് മുന്‍പ് നടന്ന പ്രൊട്ടസ്റ്റൻറ് നവീകരണത്തിനു ശേഷം ആദ്യമായി കത്തോലിക്ക വിശുദ്ധ കുർബാന അർപ്പണത്തിനായി സ്വിറ്റ്സർലൻഡിലെ സെന്റ് പിയറി ദി ജെനീവ കത്തീഡ്രൽ തയ്യാറെടുക്കുന്നു. ഫെബ്രുവരി 29നാണ് അഞ്ചു നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ആദ്യ വിശുദ്ധ കുർബാന അർപ്പണം നടക്കുമെന്ന സംബന്ധിച്ച പ്രഖ്യാപനം ലുസൈൻ, ജനീവ, ഫ്രീബർഗ് രൂപതകള്‍ നടത്തിയത്. നാലാം നൂറ്റാണ്ട് മുതൽ പ്രൊട്ടസ്റ്റൻറ് നവീകരണം വരെ ജനീവ മെത്രാന്റെ സ്ഥാനിക ദേവാലയമായിരുന്നു സെന്റ് പിയറി ദി ജെനീവ കത്തീഡ്രല്‍. 1535-ലാണ് ഏറ്റവുമൊടുവിലായി ഇവിടെ ബലി അര്‍പ്പിക്കപ്പെട്ടത്. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിനു ശേഷം ജോൺ കാൽവിന്റെ റീഫോമ്ഡ് പ്രൊട്ടസ്റ്റൻറ് ചർച്ച്, കത്തീഡ്രൽ ദേവാലയം ഏറ്റെടുക്കുകയും ദേവാലയത്തിലെ തിരുസ്വരൂപങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയുമായിരിന്നു.

ജനീവയുടെ ക്രൈസ്തവ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം എന്നാണ് കത്തീഡ്രൽ ദേവാലയത്തിനെ ജനീവ വികാരിയേറ്റിന്റെ എപ്പിസ്കോപ്പൽ വികാർ പദവി വഹിക്കുന്ന ഫാ. പാസ്ക്കൽ ഡെസ്ത്യൂസ്, വികാരിയേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിൽ വിശേഷിപ്പിച്ചത്. കാൽവിനിസത്തിന്റെ പിതാവായ ജോൺ കാൽവിൻ ജീവിച്ചിരുന്നത് ജനീവയിലാണ്. അദ്ദേഹത്തിന്റെ മാതൃ ദേവാലയം സെന്റ് പിയറി ദി ജെനീവ കത്തീഡ്രലായിരുന്നു. പിന്നീട് ജനീവ രൂപത ലുസൈൻ, ജനീവ, ഫ്രീബർഗ് രൂപതയിൽ ലയിപ്പിക്കപ്പെട്ടു. സ്വിറ്റ്സർലൻഡിന്റെ ജനസംഖ്യയിൽ 40 ശതമാനം ആളുകൾ ഇന്ന് കത്തോലിക്ക വിശ്വാസികളാണ്.

ഫാ. പാസ്ക്കൽ ഡെസ്ത്യൂസ് ആയിരിക്കും ഫെബ്രുവരി 29-ലെ ചരിത്രപരമായ വിശുദ്ധ കുർബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുക. പ്രൊട്ടസ്റ്റൻറ് സഹോദരങ്ങൾ തങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനിടയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മാമോദിസ സ്വീകരിച്ച് കൃപാവരത്തിലായിരിക്കുന്ന കത്തോലിക്കാ വിശ്വാസികൾ മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് സഭയുടെ പരമ്പരാഗത നിയമം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »