News

'കന്ധമാൽ നിരപരാധികള്‍ക്ക് വേണ്ടി സഭ ശബ്ദമുയര്‍ത്തണം': സി‌ബി‌സി‌ഐ സമ്മേളനത്തില്‍ ആന്റോ അക്കര

സ്വന്തം ലേഖകന്‍ 20-02-2020 - Thursday

ബെംഗളൂരു: ഒഡീഷയിലെ കന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ പതിനൊന്ന് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച നിരപരാധികളായ ഏഴോളം ക്രൈസ്തവര്‍ സി‌ബി‌സി‌ഐ പ്ലീനറി സമ്മേളനത്തില്‍. നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിഞ്ഞ ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സാന്‍സെത്ത്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത് സനാഥന ബഡാമാജി എന്നിവരുടെ മോചനത്തിന് വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ ആന്റോ അക്കരയാണ് ഇവരുടെ ദയനീയാവസ്ഥ മെത്രാന്മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരകളായ ഈ നിരപരാധികള്‍ക്ക് വേണ്ടി സഭ ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം മെത്രാന്‍ സമിതി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജാമ്യം കൊണ്ട് കാര്യമില്ല, നിരപരാധികളായ അവര്‍ കുറ്റവിമുക്തരാകണം. ശബ്ദമുയര്‍ത്തുവാന്‍ കഴിവില്ലാത്ത ഇവര്‍ക്ക് വേണ്ടി സംസാരിക്കണം. സ്വാമിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ക്രിസ്ത്യാനികളുടെ ചുമലില്‍ കെട്ടിവെക്കുവാന്‍ ഇവരെ കുറ്റക്കാരാക്കുകയായിരുന്നുവെന്നും ആന്റോ പറഞ്ഞു. ഇപ്പോള്‍ നല്‍കിയ അപ്പീല്‍ ഒഡീഷ ഹൈക്കോടതി അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണ്. മോചനം മാത്രമല്ല തക്കതായ നഷ്ടപരിഹാരം കൂടി നല്‍കണമെന്നും ആന്റോ അക്കര ആവശ്യപ്പെട്ടു.

ഇവരുടെ കുടുംബം താറുമാറായിരിക്കുകയാണെന്നും സഭ വിഷയത്തില്‍ സഭ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന 190 മെത്രാന്‍മാരോടു ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. 'കന്ധമാലില്‍ നിന്നുള്ള പാഠങ്ങള്‍' എന്ന പേരിലാണ് നിരപരാധികളായ ക്രൈസ്തവരെ കുറിച്ചുള്ള അവതരണം ആന്റോ അക്കര അവതരിപ്പിച്ചത്. തുടര്‍ന്നു കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തില്‍ മെത്രാന്‍മാര്‍ക്ക് ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ക്രൈസ്തവരെന്ന കാരണത്താല്‍ നിരപരാധികളെ അന്യായമായി ജയിലിലടച്ച രാഷ്ടീയ വഞ്ചനയേയും, നീതി നിഷേധത്തേയും തുറന്നുക്കാട്ടിക്കൊണ്ടുള്ള ആന്‍റോ അക്കരയുടെ 'ഹു കില്‍ഡ് സ്വാമി ലക്ഷ്മണാനന്ദ' എന്ന പുസ്തകവും 'ഇന്നസെന്റ്‌സ് ഇംപ്രിസണ്‍ഡ്' എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »