News - 2025

ഭാരത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍

സ്വന്തം ലേഖകന്‍ 27-02-2020 - Thursday

നാഷ്‌വില്‍: ഭാരത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കയിലെ ടെന്നസീ സംസ്ഥാന തലസ്ഥാനമായ നാഷ്‌വില്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെ. മാര്‍ക്ക് സ്പാള്‍ഡിംഗ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ഭാരത സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. “വിശ്വാസം നിറഞ്ഞ ഒരു സമൂഹം” എന്നാണ് ഭാരതത്തിലെ ക്രൈസ്തവരെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയിലെ കത്തോലിക്കര്‍ മതന്യൂനപക്ഷമാണെങ്കിലും എണ്ണത്തില്‍ കുറവല്ലെന്നും മതപരിവര്‍ത്തനത്തിനെതിരെ ഇന്ത്യയില്‍ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുള്ളതിനാല്‍ വളരെ ശ്രദ്ധയോട് കൂടിവേണം സുവിശേഷം പ്രഘോഷിക്കുവാനെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കത്തോലിക്ക സ്കൂളുകൾ, ആതുരാലയങ്ങൾ, അനാഥാലയങ്ങൾ എന്നിവ രാജ്യത്തെ തന്നെ മികച്ചതാണെന്നും ഭാരതത്തിന്റെ വളർച്ചയ്ക്ക് കത്തോലിക്ക സമൂഹം നൽകുന്ന സംഭാവന മികച്ചതാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു .ന്യൂനപക്ഷമായിരുന്നിട്ടും രാജ്യത്തിന് മികച്ച ശുശ്രുഷ ചെയുന്ന സമൂഹമാണ് ക്രൈസ്തവരുടേത്‌. ഭാരതം നിരവധി മേഖലകളിൽ അനുഗ്രഹീതമാണെങ്കിലും ദാരിദ്ര്യം രാജ്യം നേരിടുന്ന ഒരു പ്രതിസന്ധിയാണ്. വിദ്യാഭ്യാസത്തിലൂടെയും ആതുരപ്രവർത്തനങ്ങളിലൂടെയും ഭാരത സഭ ഒരു വിശ്വാസ സമൂഹമായി വളരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയേയും, ചാവറയച്ചനേയും അടക്കം ചെയ്തിരിക്കുന്ന പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് ബിഷപ്പ് ഇന്ത്യയിലെ തന്റെ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 15 മുതല്‍ 29 വരെ കേരളത്തിലുണ്ടായിരുന്ന മെത്രാന്‍ തന്റെ രൂപതയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികരുടെ കുടുംബാംഗങ്ങളുമായും സഭാധികാരികളുമായും കൂടിക്കാഴ്ച നടത്തിയിരിന്നു. ഹെന്‍ഡേഴ്സണ്‍വില്ലേയിലെ ഒരു ലേഡി ഓഫ് ദി ലേക്ക് ചര്‍ച്ചിലെ അസോസിയേറ്റ് വികാരിയും സി.എം.ഐ വൈദികനുമായ ഫാ. തോമസ്‌ കാലം ആണ് മെത്രാന്റെ സന്ദര്‍ശനത്തിന്റെ മേല്‍നോട്ടം വഹിച്ചത്. ആറ് സി.എംഐ വൈദികരും, നാല് മിഷ്ണറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലസ് സഭാംഗങ്ങളും, ഒരു ഫ്രാന്‍സിസ്കന്‍ വൈദികനുമാണ് നാഷ്‌വില്‍ രൂപതയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍. രൂപതയില്‍ 76,140 കത്തോലിക്കരാണ് ഉള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »