India - 2025
മലങ്കര സഭ കത്തോലിക്ക സഭ പുനരൈക്യ നവതി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 18 മുതല്‍
09-03-2020 - Monday
മാവേലിക്കര: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ 1930 സെപ്റ്റംബര്‍ 20ന് മലങ്കര സഭ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റെ നവതി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ മാവേലിക്കര പുന്നമൂട് മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും. സഭാതല ആലോചനായോഗം അമലഗിരി ബിഷപ്‌സ് ഹൗസില്‍നടന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.
ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ദര്‍ശനങ്ങളെ ആസ്പദമാക്കി വര്‍ധിത അഭിമാനത്തോടും അതുല്യമായ വിനയത്തോടും ആയിരിക്കണം നവതി ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നു കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനു നവതിയുടെ ലോഗോ കൈമാറി പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
വിളംബരറാലി, മതസൗഹാര്‍ദ സമ്മേളനം, എക്യൂമെനിക്കല്‍ സമ്മേളനം, കര്‍ഷക സമ്മേളനം, വൈദിക സന്യസ്ത സമ്മേളനം, മാതൃസംഗമം, യുവജന സമ്മേളനം, കുട്ടികളുടെ സംഗമം, അല്മായ സംഗമം, മാര്‍ ഈവാനിയോസ് പഠന ശിബിരം,നവതി സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കുമെന്നു മാവേലിക്കര ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് യോഗത്തില്‍ അറിയിച്ചു.