India - 2024

വ്യാജ വാര്‍ത്ത: അണക്കര ധ്യാനകേന്ദ്രം പരാതി നല്‍കി

11-03-2020 - Wednesday

അണക്കര: കൊറോണ വൈറസ് ബാധിതരില്‍ ചിലര്‍ വെള്ളിയാഴ്ച അണക്കര ധ്യാനകേന്ദ്രം സന്ദര്‍ശിച്ചതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ധ്യാനകേന്ദ്രം അധികൃതര്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി. കൊറോണ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ പത്രസമ്മേളനവാര്‍ത്ത ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ തലക്കെട്ടോടെയുള്ള ഈ വാര്‍ത്തയ്‌ക്കൊപ്പം കൊറോണ ബാധിതര്‍ ധ്യാനകേന്ദ്രം സന്ദര്‍ശിച്ചതായും ഇതോടെ ആരോഗ്യവകുപ്പ് അങ്കലാപ്പിലായിരിക്കുന്നതായും കൃത്രിമമായി ഒരു വാചകം കൂട്ടിചേര്‍ത്താണ് വ്യാജപ്രചാരണം നടത്തിയത്. ധ്യാനകേന്ദ്രം ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ബന്ധപ്പെടുകയും അവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പരിശോധിക്കുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നല്‍കിയ വാര്‍ത്തയില്‍ തല്‍പരകക്ഷികള്‍ ആക്ഷേപകരമായ ഭാഗം കൂട്ടിച്ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണെന്ന് വ്യക്തമായി. ഇതിനെ തുടര്‍ന്ന് നിയമനടപടി ആവശ്യപ്പെട്ട് ധ്യാനകേന്ദ്രം അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.


Related Articles »