Life In Christ
കൊറോണ ബാധിതര്‍ക്കും ശുശ്രൂഷകർക്കും പ്രത്യേക ദണ്ഡവിമോചനം വത്തിക്കാൻ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 21-03-2020 - Saturday
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധിച്ചവർക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുതിയ ഡിക്രി പുറപ്പെടുവിച്ചു. രോഗബാധ മൂലം ക്ലേശിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും കുമ്പസാരം എന്ന കൂദാശയിൽ പങ്കെടുക്കാതെ തന്നെ പൊതു ദണ്ഡവിമോചനം നൽകാൻ സാധിക്കുമെന്ന് പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി പുറത്തു വിട്ട കുറിപ്പിൽ പറഞ്ഞു. വൈദികൻ കുമ്പസാരത്തില്‍ നൽകുന്ന പാപമോചനം പാപം മോചിക്കപ്പെടാൻ പ്രധാനപ്പെട്ടതാണെങ്കിലും 'ഗുരുതരമായ സാഹചര്യങ്ങളിൽ' മറ്റ് മാർഗങ്ങൾ തേടാൻ സാധിക്കുമെന്നും അപ്പസ്തോലിക്ക് പെനിറ്റൻഷറി കുറിപ്പില്‍ സൂചിപ്പിച്ചു.
കൊറോണ വൈറസ് ബാധിച്ചവർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കുമെന്ന് മറ്റൊരു ഡിക്രിയിലൂടെ അപ്പസ്തോലിക്ക് പെനിറ്റൻഷറി വിശദീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധി ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിൽ, പ്രസ്തുത സാഹചര്യം നിലനിൽക്കുന്നതു വരെ മാനദണ്ഡങ്ങൾ പ്രകാരം പൊതു ദണ്ഡവിമോചനം നൽകാനായി സാധിക്കുമെന്ന് കുമ്പസാരത്തെ സംബന്ധിച്ച കുറിപ്പിൽ പറയുന്നു. മനുഷ്യരുടെ രക്ഷയെ കരുതിയും, രൂപതയിലെ പകർച്ചവ്യാധിയുടെ തോതിനെ കരുതിയും പൊതു ദണ്ഡവിമോചനം നൽകേണ്ട ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ടോയെന്ന് രൂപതാ ബിഷപ്പിന് തീരുമാനിക്കാം.
കുമ്പസാരം കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ വൈദികരും, വിശ്വാസികളും സ്വീകരിക്കേണ്ട മുൻകരുതലുകളും ഡിക്രിയിൽ വിശദീകരിച്ചിട്ടുണ്ട്. വായു സഞ്ചാരമുള്ള സ്ഥലത്ത് കുമ്പസാരം നടത്തുക, വൈദികനും വിശ്വാസികളും മാസ്ക്കുകൾ ധരിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ സ്വീകരിക്കേണ്ടതുണ്ട്. സമീപം നിൽക്കുന്നവർ കുമ്പസാരത്തിൽ പറയുന്നത് കേൾക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും നിർദ്ദേശമുണ്ട്. കുമ്പസാരിക്കാനുള്ള സാഹചര്യം ഒത്തു വരുമ്പോൾ, എത്രയും പെട്ടെന്ന് കുമ്പസാരിക്കാനുള്ള തുറന്ന മനസാക്ഷിയോട് കൂടിയാണ് ദണ്ഡവിമോചനം സ്വീകരിച്ചതെങ്കിൽ, മാരക പാപങ്ങൾ പോലും ക്ഷമിക്കപ്പെടുമെന്ന് അപ്പസ്തോലിക്ക് പെനിറ്റൻഷറി വ്യക്തമാക്കി.
Must Read: ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കൊറോണ സ്ഥിരീകരിച്ചവർ, ചെയ്തുപോയ പാപങ്ങളിൽ പശ്ചാത്തപിക്കുകയും, ടിവിയിലൂടെ വിശുദ്ധ കുർബാന കാണുകയും, ജപമാല, കുരിശിന്റെ വഴി പോലുള്ള പ്രാർത്ഥനകൾ ഉരുവിടുകയും ചെയ്താൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും. അത് സാധ്യമല്ലെങ്കിൽ വിശ്വാസപ്രമാണവും, സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥനയും ചൊല്ലുകയും, ദൈവ മാതാവിൻറെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ സാഹചര്യം ഒത്തുവന്നാൽ കുമ്പസാരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനും മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കാമെന്നും തീരുമാനമെടുക്കണം.
കൊറോണ പകർച്ചവ്യാധിക്കെതിരെ ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർത്ഥിക്കാനായി പോകുന്നവർക്കും വിശുദ്ധ ഗ്രന്ഥം അരമണിക്കൂർ വായിക്കുന്നവർക്കും കരുണ കൊന്ത ചൊല്ലുന്നവർക്കും ദണ്ഡവിമോചനം ലഭിക്കുമെന്ന് അപ്പസ്തോലിക്ക് പെനിറ്റൻഷറി ഡിക്രിയില്‍ വ്യക്തമാക്കി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക