Life In Christ - 2025
‘വിശുദ്ധ കുര്‍ബാന വഴി രോഗം പകരില്ല’: ഗ്രീക്ക് ഓര്‍ത്തഡോക്സ് സിനഡിന്റെ പ്രസ്താവന പുറത്ത്
സ്വന്തം ലേഖകന്‍ 16-03-2020 - Monday
ഏഥന്‍സ്: വിശുദ്ധ കുര്‍ബാനയിലൂടെ കൊറോണ വൈറസ് പകരില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊണ്ട് ഗ്രീസിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സിനഡിന്റെ പ്രസ്താവന പുറത്ത്. കൊറോണയുടെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പരിഗണിച്ചു വിശുദ്ധ കുര്‍ബാന പരിമിതപ്പെടുത്തുന്നത് പോലുള്ള നടപടികള്‍ സഭ കൈകൊള്ളേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഊഹാപോഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് ഗ്രീക്ക് ഓര്‍ത്തോഡോക്സ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു പകര്‍ച്ചവ്യാധിക്കിടയിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ വരുന്നത് ജീവിച്ചിരിക്കുന്ന ദൈവത്തോടുള്ള സ്വയം സമര്‍പ്പണവും, സ്നേഹത്തിന്റെ പ്രകടനവുമാണെന്നും ഇത് എല്ലാ പ്രായത്തിലുള്ള വിശ്വാസികള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
വിശുദ്ധ കുര്‍ബാന യേശുവിന്റെ ശരീരത്തേയും രക്തത്തേയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നവര്‍ സൗഖ്യദായകനായ ദൈവത്തോട് അടുക്കുകയാണ് ചെയ്യുന്നതെന്നും ആര്‍ച്ച് ബിഷപ്പ് സെറാഫിം ഗ്രീസിലെ ആല്‍ഫാ റേഡിയോയോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടരെ തുടരെയുള്ള കൈകഴുകല്‍, അണുനാശിനികളുടെ ഉപയോഗം, മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കല്‍ തുടങ്ങി സ്വയം മുന്‍കരുതലിനായി വിശ്വാസികള്‍ പിന്തുടരേണ്ട നടപടികളെ കുറിച്ചും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. രോഗ സാധ്യത കൂടുതലുള്ള മേഖലകളിലെ വിശ്വാസികളോട് വീട്ടില്‍ തുടരുന്നതാണ് അഭികാമ്യമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശുദ്ധ കുര്‍ബാനയില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ സഭ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക