Life In Christ - 2025

ഇലക്ഷന് മത്സരിക്കാനില്ല, വൈദികനാകുകയാണ്: തീരുമാനം വാഷിംഗ്ടൺ ലെഫ്റ്റണന്റ് ഗവർണറുടേത്

സ്വന്തം ലേഖകന്‍ 20-03-2020 - Friday

വാഷിംഗ്ടൺ ഡി‌.സി: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പദവി വലിച്ചെറിഞ്ഞു കത്തോലിക്ക വൈദികനാകാനുള്ള തീരുമാനമെടുത്ത് വാഷിംഗ്ടൺ ലെഫ്റ്റണന്റ് ഗവർണർ സൈറസ് ഹബീബ്. ഈശോ സഭയില്‍ വൈദിക പരിശീലനത്തിനായി ചേരുകയാണെന്നും അതിനാല്‍ അടുത്ത ഇലക്ഷനിൽ മത്സരിക്കാനില്ലെന്നും 38 വയസുകാരനായ അദ്ദേഹം തുറന്നു പറഞ്ഞു. രണ്ടുവർഷം നീണ്ട പ്രാർത്ഥനകൾക്കും, തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്തതെന്ന് സൈറസ് ഹബീബ് വ്യക്തമാക്കി. തന്റെ കത്തോലിക്ക വിശ്വാസത്തിന്റെ മഹത്വത്തെ പറ്റിയും അദ്ദേഹം തുറന്നു സാക്ഷ്യപ്പെടുത്തി.

സജീവമായ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം തന്നെ പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ കത്തോലിക്കാ വിശ്വാസമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനും, ധാര്‍മ്മികമായ തീരുമാനങ്ങളെടുക്കാനും തനിക്ക് പ്രേരണ നൽകിയത്. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത കൂടുതൽ ആഴത്തിലാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്റെ ജീവിതത്തിലെ സങ്കീർണ്ണത കുറയ്ക്കുകയും മറ്റുള്ളവരെ സേവിക്കുന്നതിനായി സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. പുതിയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ പ്രാർത്ഥനയിൽ ഓര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം അമേരിക്കയിലെ ഏത് പ്രോവിന്‍സിനു കീഴിലാണ് വൈദിക പരിശീലനം നടത്തുകയെന്ന് ഹബീബ് വ്യക്തമാക്കിയിട്ടില്ല.

ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സൈറസ് ഹബീബിന്റെ കുടുംബം മേരിലാന്റിലെ ബാള്‍ട്ടിമോര്‍ കൌണ്ടിയിലാണ് ആദ്യകാലത്ത് താമസിച്ചിരിന്നത്. എട്ടാം വയസ്സില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ട അദ്ദേഹം കാന്‍സറിനെ മൂന്നു തവണ അതിജീവിച്ച അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയാണ്. 2016-ല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഗവര്‍ണ്ണറായി തെരെഞ്ഞെടുക്കപ്പെടുകയായിരിന്നു. ഈ പദവിയോടൊപ്പം വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിന്റെ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. ഉന്നത പദവിയില്‍ നിന്ന് സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് പൌരോഹിത്യത്തെ പുല്‍കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് കത്തോലിക്ക സമൂഹം വരവേല്‍ക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 31