News - 2024

കൊറോണ: ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇറാനിലെ ഷിയാ പണ്ഡിതന്റെ കത്ത്

സ്വന്തം ലേഖകന്‍ 22-03-2020 - Sunday

ടെഹ്‌റാന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറാന്റെ മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഷിയാ നേതാവായ ആയത്തൊള്ള സയദ് മൊസ്തഫ മൊഹാഖേ ദാമാദ് പാപ്പക്ക് കത്തയച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ, ഉപരോധങ്ങള്‍ പിന്‍വലിക്കുവാനായി ഇടപെടണമെന്ന് കത്തോലിക്ക ലോകത്തിന്റെ തലവനായ പാപ്പയോട് ഒരു ഇസ്ലാമിക പണ്ഡിതനെന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ഇറാന്‍ അക്കാദമി ഓഫ് സയന്‍സ് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവനായ ആയത്തൊള്ളയുടെ കത്തില്‍ പറയുന്നത്.

ലോകം മുഴുവനുമുള്ള മനുഷ്യര്‍ കൊറോണയെന്ന ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ പാപ്പയുടെ ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ടുള്ള പ്രാര്‍ത്ഥന വഴി ഈ ദുരന്തത്തിന് അവസാനമാകുമെന്നും, രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുമെന്ന്‍ തനിക്കുറപ്പുണ്ടെന്നും കത്തില്‍ ആയത്തൊള്ള കുറിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ആവശ്യമായ വൈദ്യസഹായം പോലും ഇറാനില്‍ ലഭ്യമല്ലെന്നും ഉപരോധങ്ങള്‍ ഇറാനിലെ മുസ്ലീം ജനതയുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ ഇടപെടുന്നത് സ്നേഹത്തിന്റേയും, സമാധാനത്തിന്റേയും വിശ്വപ്രതീകമായ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യത്വപരമായ പ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

ഇറാനി ജനതക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഉപരോധങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തിനെ പിന്തുണച്ചുകൊണ്ട്, ഇസ്ലാമുമായുള്ള ചര്‍ച്ചകളില്‍ പ്രമുഖനും അമേരിക്കയിലെ ഫ്രാന്‍സിസ്കന്‍ ഫ്രിയാറുമായ ഫാ. ഏലിയാസ് ഡി മാല്ലോണ്‍ അഭിപ്രായപ്പെട്ടു. കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉള്‍പ്പെടെയുള്ള ഇറാനികളുടെ മരണം കൊണ്ട് ഒരിക്കലും സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2010 ഒക്ടോബര്‍ മാസത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിളിച്ചുചേര്‍ത്ത മധ്യപൂര്‍വ്വേഷ്യയെ സംബന്ധിച്ച പ്രത്യേക സിനഡില്‍ പങ്കെടുത്ത മുസ്ലീം നേതാക്കളില്‍ ഒരാള്‍ ആയത്തൊള്ളയായിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »