News - 2025
സെമിത്തേരികള്‍ നിറഞ്ഞു കവിഞ്ഞു: മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്റെ തീരുമാനം
23-03-2020 - Monday
റോം: മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ദേവാലയ സെമിത്തേരി കല്ലറകളില്‍ മൃതസംസ്‌കാരം ഒഴിവാക്കി മൃതശരീരങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ ദഹിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവിട്ടു. മലയാളി വൈദികന്‍ ഫാ. ജിനോ മുട്ടത്തുപാടം ശുശ്രൂഷ ചെയ്യുന്ന ലൊംബാര്‍ഡി പ്രോവിന്‍സിലെ ലോഡി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കൊറോണ മരണത്തെത്തുടര്‍ന്നു മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ മൃതദേഹങ്ങളും ഇന്നു മുതല്‍ ദഹിപ്പിച്ചുതുടങ്ങും. ദിവസവും രാവിലെ ഒന്നും ഉച്ചകഴിഞ്ഞ് ഒന്നും വീതം രണ്ടു മൃതശരീരങ്ങള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ 15നാണ് സര്‍ക്കാര്‍ അനുവാദം നല്കിയത്.
ആഴ്ചകളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 10 മൃതദേങ്ങള്‍ ശനിയാഴ്ച വരെ സെമിത്തേരിയില്‍ സംസ്‌കരിച്ചിരുന്നു. എന്നാല്‍, ശേഷിക്കുന്ന 16 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു സമ്മതമല്ലെങ്കിലും ഏറ്റെടുത്തു വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കാനാണു നിര്‍ദേശം വന്നിരിക്കുന്നത്. കാര്‍മികനായ വൈദികന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കായിരുന്നു സെമിത്തേരിയില്‍ പ്രവേശിച്ചു മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇത്തരത്തിലുള്ള സന്പര്‍ക്കം പോലും കൊറോണ വ്യാപനത്തിനു കാരണമാകാമെന്നതിനാലാണു ദഹിപ്പിക്കാനുള്ള പുതിയ തീരുമാനം.
ഇപ്പോഴത്തെ മരണ നിരക്കനുസരിച്ചു മാസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചാലും സെമിത്തേരി കല്ലറകളില്‍ സംസ്‌കാരം നടത്തി തീരില്ല. മോര്‍ച്ചറികളില്‍നിന്നു മൃതശരീരങ്ങള്‍ ട്രക്കുകളില്‍ കയറ്റി മിലിട്ടറി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ചാമ്പലാക്കുക. ലൊംബാര്‍ഡി പ്രോവിന്‍സിലെ വൈദ്യുത ശ്മശാനങ്ങള്‍ 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തനത്തിലായതിനാല്‍ ഇതര പ്രവിശ്യകളിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോയി ദഹിപ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ അനുമതി പോലും ചോദിക്കേണ്ടതില്ലെന്നാണ് മിലിട്ടറിക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക