News - 2024

കൊറോണ അനേകം ജീവനെടുക്കുമ്പോള്‍ വീടുകളില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദവുമായി യുകെ ഗവണ്‍മെന്റ്

സ്വന്തം ലേഖകന്‍ 25-03-2020 - Wednesday

ലണ്ടന്‍: ഒരു വശത്ത് കൊറോണ അനേകായിരങ്ങളുടെ ജീവന്‍ എടുക്കുമ്പോള്‍ മറുവശത്ത് ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുവാന്‍ പ്രത്യേക അനുമതി നല്‍കുന്ന ക്രൂര നടപടിയുമായി യു‌കെ ഗവണ്‍മെന്‍റ്. സ്ത്രീകള്‍ക്ക് ഗര്‍ഭസ്ഥ ശിശുക്കളെ സ്വന്തം ഭവനത്തില്‍ നിന്ന്‍ കെമിക്കല്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ അനുവാദം നല്‍കുന്ന നടപടിയാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴി തെളിയിച്ചിരിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും, അബോര്‍ഷന്‍ സേവനങ്ങളില്‍ മുടക്കം വരാതിരിക്കുന്നതിനുമായി ഹെല്‍ത്ത് ആന്‍ഡ്‌ സോഷ്യല്‍ കെയര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇതു സംബന്ധിച്ചു താല്‍ക്കാലിക നടപടികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് യു.കെ ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നത്.

ആശുപത്രിയിലോ ക്ലിനിക്കിലോ പോകാതെ തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം ഭവനത്തില്‍ വെച്ച് രണ്ടുതരം അബോര്‍ഷന്‍ ഗുളികകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിക്കാമെന്നു പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം മനുഷ്യത്വരഹിതമായ ഈ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തി.

മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ഇത്തരത്തില്‍ മാറ്റുവാന്‍ സാധ്യമല്ലെന്നു ‘സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍’ (എസ്.പി.യു.സി) ക്യാംപെയിന്‍ ഡയറക്ടര്‍ അന്റോണിയ ടുള്ളി പറഞ്ഞു. നടപടി അപകടകരവും തെറ്റായ ചിന്താഗതിയുമാണെന്ന് മറ്റ് പ്രോലൈഫ് സംഘടനകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വശത്ത് ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ മറുവശത്ത് ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുവാന്‍ പ്രത്യേക അനുമതി നല്‍കുന്ന നടപടി അതിക്രൂരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »