India - 2024

നിസഹായരായ സഹോദരങ്ങളുടെ കണ്ണീര്‍ വീഴാന്‍ അനുവദിക്കരുത്: മാര്‍ ജോസ് പുളിക്കല്‍

27-03-2020 - Friday

കാഞ്ഞിരപ്പള്ളി: നിസഹായരായ സഹോദരങ്ങളുടെ കണ്ണീര്‍ വീഴാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുമായി പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിച്ചത്. 'നല്ല സമറായന്‍ കണ്ട്രോള്‍ റൂം'' എന്ന പേരില്‍ വിശക്കുന്ന വയറുകള്‍ക്ക് ആഹാരം എത്തിച്ചുകൊടുക്കുന്ന പദ്ധതി യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ളവര്‍ക്കും സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കും 8086465219, 6238193987 എന്നീ നമ്പറുകളിലേക്ക് വിളിക്കാം. ജാതിമതഭേദമില്ലാതെ ഇവരെയൊക്കെ ഫോണില്‍ ബന്ധപ്പെട്ട് ആശ്വാസം പകരാനും പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കാനും ശ്രദ്ധിക്കണമെന്നും കുടുംബകൂട്ടായ്മ തലങ്ങളില്‍ ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഫോണ്‍ വഴിയും സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയും നിര്‍വഹിക്കാന്‍ ഇടവക വികാരിമാര്‍ ശ്രദ്ധിക്കണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.

ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കണം. രാത്രി 10.30ന് മാര്‍പാപ്പായോടു ചേര്‍ന്നുള്ള ദിവ്യകാരുണ്യ ആരാധനയില്‍ ഭവനത്തിലിരുന്നു പങ്കുചേരണം. വൈദികരും സന്യസ്തരും ഈ ദിനങ്ങളില്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലാണ്. പ്രാര്‍ത്ഥന, കൗണ്‍സിലിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫോണ്‍ വഴി അവരുടെ സഹായം തേടാവുതാണ്. അടിയന്തര സാഹചര്യങ്ങള്‍ കൂടുതലായി വരുന്ന പക്ഷം രൂപതയുടെ സ്ഥാപനങ്ങളിലെ സാധ്യമായ ഇടങ്ങള്‍ രൂപതാകേന്ദ്രത്തിന്റെ അറിവോടെ സര്‍ക്കാരിന്റെ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

More Archives >>

Page 1 of 313