India - 2024

ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനം: ക്ലേശിക്കുന്നവര്‍ക്കു സഹായങ്ങളെത്തിക്കാന്‍ രൂപതകള്‍ തയാറാകണമെന്ന് കെ‌സി‌ബി‌സി

27-03-2020 - Friday

കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രഖ്യാപിച്ച ഉപവാസ പ്രാര്‍ത്ഥന ദിനം ഇന്ന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ക്ലേശിക്കുന്നവര്‍ക്കു സഹായങ്ങളെത്തിക്കാന്‍ ഏവരും സന്നദ്ധരാകണമെന്നും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് രൂപതകള്‍ക്ക് അയച്ച കത്തില്‍ ഓര്‍മിപ്പിച്ചു.

സഭയുടെ ആശുപത്രികളും ഇതര സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ കൊറോണ ചികിത്സയ്ക്കും പ്രതിരോധത്തിനും വിട്ടുനല്‍കാന്‍ സാധിക്കുന്നത്, അത്തരം സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന്റെയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യശുശ്രൂഷകര്‍ എന്നിവരുടെയും ത്യാഗപൂര്‍ണമായ സമര്‍പ്പണത്തിലൂടെയാണ്. ആവശ്യക്കാരനു നല്‍കുന്ന ശുശ്രൂഷ നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമാണ്. കൊറോണ വൈറസ് വ്യാപനത്തിനെതിരേ അക്ഷീണം യത്‌നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവരെ നമ്മുടെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാനും അഭിനന്ദിക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കാനും നമുക്കാവണം.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനതയുടെ സുരക്ഷിതത്വത്തിനെന്നു മനസിലാക്കി കര്‍ശനമായി പാലിക്കാന്‍ നാം ശ്രദ്ധിക്കണം. ദിവസക്കൂലികൊണ്ടു ജീവിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരും വരുമാന മാര്‍ഗമില്ലാത്തവരും ബുദ്ധിമുട്ടുമ്പോള്‍ നമ്മുടെ അയല്‍പക്ക സ്‌നേഹം കൂടുതല്‍ പ്രകാശിതമാകണം. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ആവശ്യക്കാര്‍ക്കു സഹായമെത്തിക്കാന്‍ സഭയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗങ്ങളും യുവജന സംഘടനകളും ഇടവകകളും ശ്രദ്ധിക്കണമെന്നും കത്ത് ഓര്‍മിപ്പിക്കുന്നു.

More Archives >>

Page 1 of 313