Life In Christ - 2025

ദുരിതത്തിലായ പെറുവിലെ പാവങ്ങള്‍ക്ക് ആയിരകണക്കിന് ഭക്ഷണപൊതികളുമായി വൈദികര്‍

സ്വന്തം ലേഖകന്‍ 01-04-2020 - Wednesday

ലിമാ, പെറു: കൊറോണയെ തുടര്‍ന്ന്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോലിക്ക് പോകുവാന്‍ കഴിയാതെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പെറുവിയന്‍ ജനതക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസും വൈദികരും ആശ്വാസമാകുന്നു. ചുരുങ്ങിയ സമയം കൊണ്ട് പതിനയ്യായിരത്തോളം ഭക്ഷണ പൊതികളാണ് ഇതുവരെ ഇവര്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത്രയും തന്നെ ഭക്ഷണപൊതികള്‍ കൂടി വിതരണം ചെയ്യുവാന്‍ പദ്ധതിയുണ്ടെന്ന് സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതാണ്ട് നാലു ഡോളര്‍ ചിലവ് വരുന്ന ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമായുടെ തെക്ക് ഭാഗത്തുള്ള മെട്രോ നഗരമായ ലൂറിനിലാണ് ആയിരകണക്കിന് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തതെന്ന്‍ ലൂറിനിലെ കാരിത്താസിന്റെ സെക്രട്ടറി ജനറലും, പ്രാദേശിക ബിയാറ്റിറ്റ്യൂഡ് കമ്മ്യൂണിറ്റിയുടെ നേതാവുമായ ഫാ. ഒമര്‍ സാഞ്ചെസ് പോര്‍ട്ടില്ലോ മാര്‍ച്ച് 26ന് അറിയിച്ചു. ബിയാറ്റിറ്റ്യൂഡ് കമ്മ്യൂണിറ്റിയുടെ ആസ്ഥാനത്ത് പൊതു ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജനങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്.

ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്കും, മോട്ടോര്‍ സൈക്കിള്‍ ടാക്സി ഡ്രൈവര്‍മാരും കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന വസ്തുത ഫാ. സാഞ്ചെസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു സുമനസ്കരായ വ്യക്തികളും സംഘടനകളും നല്‍കിയ സംഭാവനകള്‍ കൊണ്ടാണ് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുവാന്‍ കഴിഞ്ഞതെന്ന്‍ ഫാ. സാഞ്ചെസ് വ്യക്തമാക്കി. കൊറോണയെ തുടര്‍ന്ന്‍ പെറുവില്‍ മാര്‍ച്ച് 15 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള 15 ദിവസത്തെ അടിയന്തിരാവസ്ഥ ഏപ്രില്‍ 15 വരെ നീട്ടിയിട്ടുണ്ട്. 950 കൊറോണ കേസുകളാണ് ഇതുവരെ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. 24 പേര്‍ കൊറോണ മൂലം മരണപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 33