Life In Christ - 2025
കോവിഡ് 19: ഓസ്ട്രേലിയയെ ദൈവകരങ്ങളിൽ സമർപ്പിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ
പ്രവാചക ശബ്ദം 02-04-2020 - Thursday
മെല്‍ബണ്‍: കൊറോണ വ്യാപനത്തെ നേരിടാൻ, ദൈവത്തിൽ ആശ്രയിക്കാനുള്ള ആഹ്വാനം നൽകികൊണ്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ പ്രാര്‍ത്ഥന. പ്രധാനമന്ത്രി നടത്തിയ ഓൺലൈൻ പ്രാർത്ഥന, ഇറ്റേർനിറ്റി ന്യൂസ് എന്ന ക്രൈസ്തവ വെബ്സൈറ്റിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാൻ തന്റെ വിശ്വാസം വലിയ കരുത്താണ് നൽകുന്നതെന്നും രാജ്യത്തെ ദൈവകരങ്ങളിൽ ഭരമേൽപിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പഴയനിയമത്തിൽ ഇസ്രായേൽ ജനത്തെ വാഗ്ദാന നാട്ടിലേക്ക് നയിച്ച മോശയുമായി സ്വയം താരതമ്യം ചെയ്ത അദ്ദേഹം കൊറോണ വൈറസ് മൂലം ക്ലേശിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞു.
ജീവിതമാർഗം നഷ്ടപ്പെട്ടവർക്ക് വേണ്ടിയും സ്കോട്ട് മോറിസൺ പ്രാർത്ഥിച്ചു. ദൈവത്തിൽ എങ്ങനെ പ്രത്യാശ വയ്ക്കാമെന്നും, ദൈവത്തിൽ നിന്ന് എങ്ങനെ ശക്തി സ്വീകരിക്കാമെന്നും വിശദീകരിച്ചുകൊണ്ടാണ് 6 മിനിറ്റ് നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഇതിന്റെ ഹൃസ്വ ഭാഗം പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയനും പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രാര്‍ത്ഥന സന്ദേശത്തില്‍ സങ്കീർത്തന പുസ്തകത്തിൽ നിന്നും, ഏശയ്യായുടെ പുസ്തകത്തിൽ നിന്നുമുള്ള വാക്യങ്ങൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉദ്ധരിച്ചു.
മറ്റ് രാഷ്ട്രീയ നേതാക്കന്മാർക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ, പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്. ഇവാഞ്ചലിക്കല്‍ സഭാംഗമായ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. അതേസമയം ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 5137 പേരാണ് ഓസ്ട്രേലിയയിൽ കൊറോണ ബാധിതരായിട്ടുള്ളത്. 25 പേർ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക