Arts

വിവിധ ദേശങ്ങളില്‍ നിന്ന് അവര്‍ പാടി: വൈദികരുടെ 'മെഴുതിരി പാട്ട്' സമൂഹ മാധ്യമങ്ങളില്‍ തരംഗം

സ്വന്തം ലേഖകന്‍ 07-04-2020 - Tuesday

കൊച്ചി: എറണാകുളം- അങ്കമാലി രൂപതയിലെ ദി ട്വൽവ് ബാൻഡിലെ വൈദികര്‍ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ 'മെഴുതിരി പാട്ട്' സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ആഗോള തലത്തില്‍ മഹാമാരി പടരുന്ന സാഹചര്യത്തില്‍ ദൈവജനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ ഒന്നു ചേര്‍ന്ന് തയാറാക്കിയ ഗാനമാണ് ശരവേഗത്തില്‍ വൈറലായത്. അമേരിക്ക, യുകെ, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദികരും പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുന്ന വൈദികനും അടക്കം നിരവധി വൈദികര്‍ ഈ പ്രാർത്ഥനാഗാനത്തിന്റെ ഭാഗമായെന്നതും എറണാകുളം – അങ്കമാലി മെത്രാപ്പോലീത്തന്‍ വികാരി മാർ ആന്‍റണി കരിയിൽ അവസാന ഭാഗത്ത് പാടിയതും ഗാനത്തെ ശ്രദ്ധേയമാക്കുകയാണ്.

കൊറോണ പടർന്നുപിടിച്ചതോടെ മിക്ക രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ആളുകള്‍ വീട്ടില്‍ ഒതുങ്ങി കൂടിയതോടെയാണ് ’12 ബാൻഡ്’ ഒരു ഗാനം ചെയ്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ബാന്‍ഡിലെ എല്ലാ വൈദികരും വിവിധ ദേശങ്ങളില്‍ ആണെങ്കിലും വാട്സാപ്പ് ചര്‍ച്ച വിഷയത്തില്‍ കാര്യമായി പുരോഗമിച്ചു. ഈ സമയത്തു തന്നെയാണ് പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചുകൊണ്ട് തിരി കത്തിക്കണം എന്ന ആഹ്വാനം വന്നത്. അങ്ങനെ നീണ്ട ആലോചനകള്‍ക്ക് ഒടുവില്‍ ‘നിത്യമാം പ്രകാശമേ…’ എന്ന പ്രാർത്ഥന ഗാനം തെരെഞ്ഞെടുക്കുകയായിരിന്നു.

You May Like: ‍ വൈദികരുടെ ഉയിര്‍പ്പാട്ട് നവമാധ്യമങ്ങളില്‍ വൈറല്‍

ചുരുങ്ങിയ സമയം കൊണ്ട് വിവിധ ദേശങ്ങളില്‍ നിന്നു വൈദികര്‍ പാടിയ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ചതോടെ 'മെഴുതിരി പാട്ട്' യാഥാര്‍ത്ഥ്യമാകുകയായിരിന്നു. കേവലം 24 മണിക്കൂറിനിടെ യൂട്യൂബില്‍ മാത്രം അരലക്ഷത്തോളം ആളുകളാണ് വീഡിയോ ഗാനം കണ്ടിരിക്കുന്നത്. ഫേസ്ബുക്കിലെ നിരവധി പേജുകളിലും ഈ ഗാനം പങ്കുവെച്ചിട്ടുണ്ട്. ലോകത്തിനു പ്രത്യാശ പകർന്ന ഒരു പാട്ട് തയ്യാറാക്കുവാൻ തങ്ങളെ ഒരു ഉപകരണമാക്കിയ ദൈവത്തിനു നന്ദി പറയുകയാണ് ഈ വൈദികർ. നേരത്തെ പ്രളയത്തെ മലയാളി സമൂഹം അതിജീവിച്ചതിന്റെ ത്യാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തുക്കൊണ്ട് 'ദി ട്വൽവ് ബാൻഡി'ലെ ഇതേ വൈദികര്‍ ഒരുക്കിയ 'ഉയിര്‍പാട്ട്' നവമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 14