India - 2024

കടന്നു പോകുന്നവനല്ല, കൂടെ വസിക്കുന്നവനാണ് നമ്മുടെ ദൈവം: കർദ്ദിനാൾ ക്ലിമീസ് ബാവ

സ്വന്തം ലേഖകന്‍ 09-04-2020 - Thursday

തിരുവനന്തപുരം: കടന്നുപോകുന്നവനല്ല മറിച്ച് തിരുവോസ്തിയിൽ സന്നിഹിതനായി നമ്മോടു കൂടെ വസിക്കുന്നവനാണ് നമ്മുടെ ദൈവമെന്ന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് ബാവ. ഇന്നു രാവിലെ പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസ് ചാപ്പലിൽ പെസഹ തിരുകര്‍മ്മങ്ങള്‍ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഈശോ ശിഷ്യരുടെ കാലുകൾ കഴുകി നൽകിയ മാതൃകയിലൂടെ ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഹ്വാനമാണ് നമ്മോടു ആവശ്യപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെസഹാ തിരുനാളിനു രണ്ടു ഭാഗങ്ങളുണ്ട്. പഴയ നിയമത്തിലെ തുടർച്ചയായ പുതിയ നിയമത്തിലെ പെസഹാ ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവർക്കു ഓർമയും അനുഭവവുമാണ്. പഴയ നിയമത്തിലെ പെസഹാ ഇസ്രായേലിനു ദൈവം ആരായിരിക്കുന്നുവെന്നു വെളിപ്പെടുത്തിയ സംഭവവും അനുഭവവുമാണത്. ക്ലേശങ്ങളുടെ മദ്ധ്യേ കഴിഞ്ഞിരുന്ന ഇസ്രായേൽ മക്കളുടെ കണ്ണുനീര്‍ തുടയ്ക്കുന്ന ദൈവം. അതിനാൽ പെസഹാ ആചരണം അവർക്കു ഒരു സ്മരണ മാത്രമല്ല കല്പനയുമായിരുന്നു. സംഹാരദൂതൻ കടന്നുപോകുമ്പോൾ ഇസ്രായേൽ മക്കളുടെ ഭവനത്തെ തിരിച്ചറിയാനുള്ള അടയാളമായിരുന്നു പെസഹാ ആചരണവും കട്ടിളപ്പടിയിൽ രക്തം തളിക്കലും. കാരുണ്യവാനും വിശ്വസ്തനുമാണ് ദൈവം. ഇസ്രായേൽ മക്കൾക്ക് മന്നയും കാടപ്പക്ഷിയും നൽകി വിശപ്പടക്കിയും പകൽ മേഘസ്തംഭമായും രാത്രി അഗ്നിസ്തംഭമായും വഴി നടത്തിയും ചെങ്കടൽ വിഭജിച്ചും അവിടുന്ന് വിശ്വസ്ഥത വെളിപ്പെടുത്തി. ബലം കുറഞ്ഞവരുടെ കൂടെ നിൽക്കുന്ന കാരുണ്യവാനായ ദൈവത്തിന്റെ അടയാളമായിരുന്നു അത്.

പുതിയ നിയമത്തിലെ പെസഹയാകട്ടെ, ഈശോ കാലുകൾ കഴുകി നമുക്ക് മാതൃക നൽകി. അനുതാപത്തിന്റെ മാതൃക നൽകിയ അവിടുന്ന് ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഹ്വാനമാണ് നമ്മോടും ആവശ്യപെടുന്നത്. പാപമില്ലാത്തവൻ പാപികൾക്കായി പാപമോചനത്തിനും നിത്യജീവനുമായി സ്വന്തം ശരീരവും രക്തവും നൽകി ഭക്ഷിക്കുവിൻ എന്ന കല്പന നൽകി വിശുദ്ധ കുർബാന സ്ഥാപിച്ചു. അവിടുന്ന് കടന്നുപോകുന്നവനല്ല, മറിച്ച് തിരുവോസ്തിയിൽ നിറഞ്ഞു നമ്മോടു കൂടെ വസിക്കുന്ന ദൈവമാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മപ്പെടുത്തി.

More Archives >>

Page 1 of 314