News

വിശുദ്ധവാരത്തില്‍ പ്രത്യാശയുടെ വാര്‍ത്ത: തട്ടിക്കൊണ്ടുപോയ വൈദികന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ 09-04-2020 - Thursday

നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇസ്ലാമിക തീവ്രവാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് ഉൽ ഇസ്ലാം വാ അൽ മുസ്ലിമിൻ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നു. ഇറ്റാലിയൻ മിഷ്ണറി ( സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ്) വൈദികനായ ഫാ. പിയർലുയിജി മക്കാലി, മാലിയിൽ നിന്ന് ഏതാനും നാളുകൾക്കു മുമ്പ് കാണാതായ നിക്കോളോ സിയാജി എന്ന ഇറ്റാലിയൻ വിനോദസഞ്ചാരിയോടൊപ്പം നിലത്തരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 23 സെക്കൻഡുകൾ നീണ്ടുനിൽക്കുന്നതാണ് വീഡിയോ ദൃശ്യം. മാർച്ച് 24നു ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു.

തന്റെ സഹോദരൻ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വൈദികന്റെ സഹോദരനായ ഫാ. വാൾട്ടർ മക്കാലി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പ്രതികരിച്ചു. യാതൊരു വിവരങ്ങളും ഇല്ലാതെ ഒരുപാട് നാളുകൾ കഴിഞ്ഞുപോയെന്നും സഹോദരനെ പറ്റി ഇങ്ങനെ ഒരു വാർത്ത പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ലൈബീരിയയിൽ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഒരുമിച്ച് കണ്ടുമുട്ടാനുള്ള അവസരത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും, പ്രാർത്ഥനകൾ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 സെപ്റ്റംബർ മാസമാണ് നൈജറിൽ നിന്നും ഫാ. പിയർലുയിജിയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തിരോധാനത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് വ്യക്തമായിരിന്നു. ഒന്നര വര്‍ഷം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭ്യമാകാത്തതിനാല്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തിയിരിന്നത്. ഈ അനുമാനത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. അതേസമയം ഫാ. പിയർലുയിജിയുടെ മാതൃ രൂപതയായ ക്രേമയിലെ വിശ്വാസികൾ എല്ലാമാസവും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഒത്തുചേരുന്നുണ്ട്. പ്രാര്‍ത്ഥന ശക്തമാക്കുവാനാണ് വിശ്വാസികളുടെ തീരുമാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 539