News - 2024

അടിയന്തര കൊറോണ സഹായ നിധിക്ക് ഫ്രാന്‍സിസ് പാപ്പ രൂപം നല്‍കി: ആദ്യ സംഭാവന 7,50,000 ഡോളര്‍

സ്വന്തം ലേഖകന്‍ 07-04-2020 - Tuesday

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി ആരംഭിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായ 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കി. വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയാണ് അടിയന്തര സഹായ നിധിയുടെ മേല്‍നോട്ടം വഹിക്കുക. കത്തോലിക്കാ മിഷന്‍ മേഖലകളിലെ സഭാസംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയായിരിക്കും ഫണ്ട് ഉപയോഗിക്കുക.

സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിനിടയില്‍, ആഗോള മനുഷ്യസമൂഹത്തിന്റെ ക്ഷേമത്തിന് വെല്ലുവിളി ഉയര്‍ന്നപ്പോഴെല്ലാം സഭ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നുവെന്ന് സുവിശേഷവത്കരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ പറഞ്ഞു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയോട് കൊറോണയെന്ന വെല്ലുവിളിയെ നേരിടുവാന്‍ പരിശുദ്ധ പിതാവ് ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിത മേഖലകളെ സഹായിക്കുന്നതില്‍ സഭയുടെ സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കുവാന്‍ കഴിയുമെന്നു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ജിയോവന്നി പീട്രോ ഡാല്‍ ടോസോയും പ്രതികരിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സഹായനിധി രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൊസൈറ്റീസ് ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ദി ഫെയിത്ത്, ദി മിഷ്ണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ദി സൊസൈറ്റി ഓഫ് സെന്റ്‌ പീറ്റര്‍ അപ്പോസ്തല്‍, മിഷ്ണറി യൂണിയന്‍ ഓഫ് പ്രീസ്റ്റ്സ് ആന്‍ഡ്‌ റിലീജിയസ് തുടങ്ങിയവയാണ് സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍. ഏഷ്യയിലും ആഫ്രിക്കയിലുമായി ഏതാണ്ട് 1150 മിഷന്‍ രൂപതകളിലായി ഒന്‍പതിനായിരത്തിലധികം ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്കും, പതിനായിരത്തോളം അനാഥാലയങ്ങള്‍ക്കും, 1200 സ്കൂളുകള്‍ക്കും, 80,000 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, 9000 കന്യാസ്ത്രീകള്‍ക്കും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ സഹായം നല്‍കിവരുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 538