India - 2025
മാര്‍ ക്രിസോസ്റ്റമിന്റെ നൂറ്റിമൂന്നാം പിറന്നാള്‍ ആഘോഷം തീര്‍ത്തും ലളിതമായി
സ്വന്തം ലേഖകന്‍ 28-04-2020 - Tuesday
കുമ്പനാട്: മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ നൂറ്റിമൂന്നാം പിറന്നാള്‍ ലളിതമായി ആഘോഷിച്ചു. 1918 ഏപ്രില്‍ 27നാണ് മെത്രാപ്പോലീത്തയുടെ ജനനം. ആഗോള ക്രൈസ്തവ സഭകളില്‍ പ്രായംകൊണ്ടും ദീര്‍ഘമായ പൗരോഹിത്യ ശുശ്രൂഷയിലും മുന്നില്‍ നില്ക്കുന്ന മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷം ലളിതമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് നടന്നത്. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനയ്ക്കും സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കി.
തുടര്‍ന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വട്ടയപ്പം മുറിച്ച് വലിയ മെത്രാപ്പോലീത്തയ്ക്ക് നല്‍കി. ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും ആശംസകള്‍ നിറഞ്ഞ സന്തോഷത്തോടെ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത സ്വീകരിച്ചു. സഭാ സെക്രട്ടറി റവ.കെ. ജി. ജോസഫ്, ട്രഷറാര്‍ പി.പി. അച്ചന്‍കുഞ്ഞ്, റവ. ബിനു വര്‍ഗീസ് എന്നിവരാണ് മെത്രാപ്പോലീത്തയ്‌ക്കൊപ്പം ആശംസകള്‍ നേര്‍ന്നത്. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
ജന്മദിനത്തിന് വട്ടയപ്പം മുറിക്കുന്ന പതിവാണ് മാര്‍ ക്രിസോസ്റ്റമിനുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എം. സുധീരന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.
![](/images/close.png)