News - 2025
പൊതു വിശുദ്ധ കുര്‍ബാന നീളുന്നതിനെതിരെ ഇറ്റാലിയന്‍ മെത്രാന്‍ സമിതി: സര്‍ക്കാരിന് കത്തയച്ചു
സ്വന്തം ലേഖകന്‍ 28-04-2020 - Tuesday
റോം: ഇറ്റലിയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭക്ക് അംഗീകരിക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതി. പ്രധാനമന്ത്രി മുന്നോട്ട് വെച്ച രണ്ടാം ഘട്ട നയപരിപാടികളില്‍ പൊതുജനപങ്കാളിത്തത്തോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സാധ്യതകള്‍ ഏകപക്ഷീയമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് മെത്രാന്‍ സമിതി സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യൂസെപ്പെ കോന്‍റെ കോവിഡ് പ്രതിരോധം സംബന്ധിച്ച രണ്ടാം ഘട്ട നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
അജപാലന പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സഭയുടെ കഴിവിനെ നിയന്ത്രിക്കുന്ന ഒരു നടപടിയും സ്വീകാര്യമല്ലെന്നും മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നീക്കങ്ങളെ അംഗീകരിക്കുവാന്‍ കഴിയില്ലെന്നും മെത്രാന്‍ സമിതിയുടെ കത്തില്‍ പറയുന്നു. ഈ അടിയന്തിരാവസ്ഥയില്‍ കൗദാശികമായ ദൗത്യങ്ങള്‍ ഉള്‍പ്പെടെ പാവങ്ങളെ സേവിക്കുവാനുള്ള സഭയുടെ പ്രതിബദ്ധത വിശ്വാസത്തില്‍ നിന്നും മുളപൊട്ടിയതാണ്. അത് പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്നും ഇറ്റലിയില്‍ സഭ നടത്തുന്ന സുപ്രധാന സേവനങ്ങളെ അക്കമിട്ട് ചൂണ്ടിക്കാട്ടികൊണ്ട് മെത്രാന്‍ സമിതി പറഞ്ഞു.
ആരാധന സ്വാതന്ത്ര്യം നടപ്പിലാക്കുവാനുള്ള വിശാലമായ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന്‍, സി.ഇ.ഐ ജനറല്‍ സെക്രട്ടറിയേറ്റും, ആഭ്യന്തരമന്ത്രാലയവും നടത്തിയ ചര്‍ച്ചക്ക് ശേഷം ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഏകപക്ഷീയമായ തീരുമാനം പുറത്തുവന്നിരിക്കുന്നത്. രോഗബാധയുടെ ആരംഭത്തില്‍ അജപാലക പ്രവര്‍ത്തനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന്‍ ചര്‍ച്ചക്കിടയില്‍ സഭ ആവശ്യപ്പെട്ടിരുന്നതായും, സഭാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും കത്തിലൂടെ മെത്രാന്‍ സമിതി വ്യക്തമാക്കി. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ റോമില്‍ പൊതുജന പങ്കാളിത്തതോടെയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണം റദ്ദാക്കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക