India - 2025
പ്രവാസി മലയാളികളുടെ പുനരധിവാസം: കര്‍മ്മ പദ്ധതിയുമായി ചങ്ങനാശ്ശേരി അതിരൂപത
പിആര്‍ഓ 02-05-2020 - Saturday
ചങ്ങനാശ്ശേരി: മെയ് ദിനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ യുഎഇയിലെ പ്രവാസി അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് സജീവ പ്രവര്‍ത്തകരുമായി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. മെയ് 1 വെള്ളിയാഴ്ച നടന്ന മീറ്റിംഗില്‍ യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ പങ്കെടുത്തു.
ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടിക്കളം എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഹ്രസ്വമായ പ്രാര്‍ത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു. യു എ ഇ യില്‍ കോവിഡ്മൂലം മരണമടഞ്ഞ എല്ലാവര്‍ക്കും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതാ തൃക്കൊടിത്താനം ഇടവകാംഗം ഷാജി സ്‌കറിയയുടേയും, വേഴപ്ര ഇടവകാംഗം ജേക്കബ് തോമസിന്റെയും നിര്യാണത്തില്‍ അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓരോ പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യങ്ങളും അവസ്ഥകളും അംഗങ്ങള്‍ പിതാവിനെ അറിയിച്ചു. യു എ ഇ യിലെ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.
1. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അനേകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിലവില്‍ ജോലിയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചും, ശമ്പളം ലഭിക്കാതെയും പലരും ബുദ്ധിമുട്ടുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന പലരും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നു. നാട്ടിലേക്ക് മടങ്ങിവരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്നവരുടെ പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യണം.
2. ലേബര്‍ക്യാമ്പുകളിലും ഷെയേര്‍ഡ് ഷെല്‍റ്ററുകളിലും താമസിച്ചുവന്നിരുന്ന പ്രവാസി മലയാളികള്‍ കോവിഡ് 19 ന്റെ സാപചര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുന്ന. ഈ പശ്ചാത്തലത്തില്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുവാന്‍ അധികാരപ്പെട്ടവര്‍ ശ്രദ്ധിക്കണം.
3. കുട്ടികളുടെ ഫീസ്‌കൊടുക്കാന്‍ സാധിക്കാതെ അനേകം കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നു. ഈ കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.
4. ശരിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളായ ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ പരമാവധിസഹായം എത്തിച്ചുകൊടുക്കാന്‍ യു എ ഇ കമ്മിറ്റിയംഗങ്ങള്‍ എല്ലാവരും പരിശ്രമിക്കുന്നു.
5. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇവിടെയുള്ളവരെ പ്രവാസി അപ്പസ്‌തൊലേറ്റിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ കൊണ്‍സുലേറ്റിന്റെയും ഹെല്‍പ്പ് ഡസ്‌കിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും അംഗങ്ങള്‍ അറിയിച്ചു.
അഭിവന്ദ്യ പിതാവിന്റെ മറുപടി
1. എല്ലാ പ്രവാസി സഹോദരങ്ങളും തന്റെ ഓര്‍മ്മയിലുണ്ടെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ താന്‍ പ്രത്യേകമായി എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അഭി. പിതാവ് അറിയിച്ചു.
2. ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്നവരുടെ പുനരധിവാസത്തിനു വേണ്ട വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിതാവ് അറിയിച്ചു.
3. വിദേശത്തു നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം അതിരൂപത സര്‍ക്കാരുമായി ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇതിനായി അതിരൂപതയുടെ ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും മറ്റും മാറ്റിവച്ചിട്ടുണ്ട്.
4. തൊഴില്‍ നഷ്ടപ്പെട്ടുമടങ്ങിയെത്തുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ പ്രവാസി അപ്പസ്‌തൊലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക രംഗം, ടൂറിസം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ഇവരെ പുനരധിവസിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുന്നതാണെന്നും അഭി. പിതാവ് അറിയിച്ചു.
5. നാട്ടിലുള്ള രോഗികളെയും , പാവങ്ങളെയും സഹായിക്കാന്‍ ഇടവക വികാരിമാരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപത മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ 1 കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞു.
തൂടര്‍ന്ന് ഫാ. റ്റെജി പൂതുവീട്ടിക്കളം, ഷെവ. സിബി വാനിയപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സ് സമാപിച്ചു.
![](/images/close.png)