India - 2024
സന്യാസി വിദ്യാര്‍ത്ഥിനിയുടേത് മുങ്ങിമരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 09-05-2020 - Saturday
തിരുവല്ല: വെള്ളിയാഴ്ച കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസീ വിദ്യാര്‍ഥിനി ചുങ്കപ്പാറ തടത്തുമല പള്ളിക്കപ്പറന്പില്‍ ദിവ്യ പി. ജോണി(21)ന്റേത് മുങ്ങിമരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കിണറ്റില്‍ വീണ ദിവ്യ വെള്ളം കുടിച്ചാണു മരിച്ചതെന്നും മറ്റു കാര്യമായ പരിക്കുകള്‍ ശരീരത്തില്‍ കാണാനില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലെ ചെറിയ ക്ഷതങ്ങള്‍ കിണറ്റിലേക്കുള്ള വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനമെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ ഇന്നലെ മഠം സന്ദര്‍ശിച്ചു തെളിവെടുത്തു. ഫോറന്‍സിക്, വിരലടയാളം, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും എസ്പിക്കൊപ്പം ഉണ്ടായിരുന്നു.
സന്യാസിനി പരിശീലനത്തില്‍ ആറാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ രാവിലെ മഠത്തിലെ ചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. പ്രഭാത ഭക്ഷണവും കഴിച്ചു തുടര്‍ന്നു നടന്ന ക്ലാസിലുമെത്തിയിരിന്നു. മഠത്തിനു പിന്നിലെ കിണറ്റില്‍ നിന്നു ശബ്ദം കേട്ടു മറ്റ് സന്യാസിനികള്‍ ഓടി എത്തി നോക്കിയപ്പോള്‍ ദിവ്യ ഇതിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ ഉടനെ തന്നെ പുറത്തെടുത്തു പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക