News - 2025

തിരുപ്പട്ടം ജനരഹിതമായി: ലോക്ക് ഡൗണിൽ പൗരോഹിത്യം സ്വീകരിച്ച് ഡീക്കന്മാർ

സ്വന്തം ലേഖകന്‍ 13-05-2020 - Wednesday

വരാപ്പുഴ/ആലപ്പുഴ: നീണ്ട വർഷത്തെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും പഠനത്തിനും കാത്തിരിപ്പിനും ഒടുവിൽ ആളും അനക്കവുമില്ലാതെ ലോക്ക് ഡൗണിൽ തിരുപ്പട്ടം സ്വീകരിച്ച് മലയാളികളായ ഡീക്കന്മാർ. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്ളേറ്റ്‌സ് ഓഫ് സെൻറ് ജോസഫ് (OSJ) എന്ന കോൺഗ്രിഗേഷനിലെ അംഗമായി ഡീക്കൻ റിക്‌സൺ തൈക്കൂട്ടത്തിലും ആലപ്പുഴ രൂപത വൈദികനായി ഡീക്കൻ ജോർജ്ജ് ജോസഫ് ഇരട്ടപുളിക്കലുമാണ് അടുത്തടുത്ത ദിവസങ്ങളിൽ പൗരോഹിത്യം സ്വീകരിച്ചത്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇരുചടങ്ങുകളിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് പങ്കെടുത്തത്.

വരാപ്പുഴ അതിരൂപതയിലെ വാടയിൽ സെൻറ് ജോർജ് പള്ളിയിൽ നടന്ന ഡീക്കൻ റിക്‌സണിന്റെ തിരുപ്പട്ട ശുശ്രൂഷകൾക്ക് കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കാരിക്കശേരി മുഖ്യകാർമ്മികത്വം വഹിച്ചു. പതിനൊന്ന് വർഷത്തിന് ശേഷം ഇടവക കാത്തിരുന്ന തിരുപ്പട്ട സ്വീകരണമാണ് ജനരഹിതമായി നടന്നത്. സർക്കാരിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ഡീക്കൻ ജോർജ് ജോസഫ് ഇരട്ടപുളിക്കലും ഇന്ന് തിരുപ്പട്ടം സ്വീകരിച്ചത്.

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക സമൂഹത്തെയോ സുഹൃത്തുക്കളെയോ പങ്കെടുപ്പിക്കാൻ കഴിയാത്തതിന്റെ ദുഃഖമൊഴിച്ചാൽ ജീവിതത്തിലെ വലിയ ഒരു സ്വപ്നം ലോക്ക് ഡൗണിലും നിറവേറിയതിന്റെ സന്തോഷമാണ് ഇരുവർക്കും പങ്കുവെക്കാനുള്ളത്.

നവ വൈദികർക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 548