News - 2025

കാന്‍സറുമായുള്ള പോരാട്ടത്തില്‍ രവി സഖറിയാസ്: പ്രാര്‍ത്ഥനാ സഹായം യാചിച്ച് ടിം ടെബോ

സ്വന്തം ലേഖകന്‍ 12-05-2020 - Tuesday

വാഷിംഗ്ടണ്‍ ഡി‌.സി: കാന്‍സര്‍ രോഗത്തോട് പോരാടുന്ന ലോക പ്രശസ്ത സുവിശേഷകനും, ക്രിസ്ത്യന്‍ അപ്പോളജിസ്ററുമായ രവി സഖറിയാസിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ താരം ടിം ടെബോ. നട്ടെല്ലിലെ കശേരുക്കളെ ബാധിച്ച അപൂര്‍വ്വ കാന്‍സര്‍ രോഗത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന രവി സഖറിയാസിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥന സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ടിം ടെബോ നടത്തിയിരിക്കുന്നത്. തന്റെ സുഹൃത്തും, മാര്‍ഗ്ഗദര്‍ശിയുമായ രവി സഖറിയായെ ‘വിശ്വാസത്തിന്റെ ധീര നായകന്‍’ എന്നാണ് ടിം ടെബോ വിശേഷിപ്പിച്ചിരിക്കുന്നത്.

“രവി നിങ്ങളുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ അനുഭവം കമന്റ് ബോക്സിലൂടെ പങ്കുവെക്കണം. നിങ്ങളുടെ കമന്റുകള്‍ രവിക്കും അദ്ദേഹത്തിന്റെ ടീമിനും കൈമാറുവാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. ഈ സമയത്ത് അതവര്‍ക്കൊരു പ്രോത്സാഹനമായിരിക്കും” ടിം ടെബോയുടെ പോസ്റ്റില്‍ പറയുന്നു. നിരവധി കമന്റുകളാണ് ടെബോയുടെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.



സൗത്ത് കരോലിന മുന്‍ ഗവര്‍ണറും ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡറുമായിരുന്ന നിക്കി ഹേലിയും രവി സഖറിയാസിന് വേണ്ടി പോസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ‘കാന്‍സറിനോട് മല്ലിടുന്ന രവി സഖറിയാസിനു ശക്തിയും, സമാധാനവും ലഭിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് നിക്കി ഹേലിയുടെ പോസ്റ്റിൽ പറയുന്നത്. ഭാരതത്തിലെ മദ്രാസില്‍ ജനിച്ച രവി, പതിനേഴാം വയസു വരെ നിരീശ്വരവാദിയായിരുന്നു. ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ നിന്ന്‍ ലഭിച്ച ബൈബിള്‍ വഴി യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നു.

1984-ൽ അദ്ദേഹം സ്ഥാപിച്ച രവി സഖറിയാസ് ഇൻറർനാഷണൽ മിനിസ്ട്രിസിലൂടെ (RZIM) പതിനായിരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്. ഉയർന്ന ചിന്താ നിലവാരത്തിലുള്ളവരുടെ മുതൽ സാധാരണക്കാരുടെ വരെ വിശ്വാസ സംബന്ധിയായതും ബൈബിൾ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുവാന്‍ പ്രാവീണ്യം ഉണ്ടായിരിന്ന അദ്ദേഹം വിവിധ ക്രൈസ്തവ സഭകള്‍ക്ക് സ്വീകാര്യനായിരിന്ന വ്യക്തി കൂടിയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അദ്ദേഹത്തിന് അപൂര്‍വ്വ കാന്‍സര്‍ രോഗം ബാധിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്.


Related Articles »