News
വിശേഷണം ‘വൃത്തികെട്ടവര്‍’, ജോലി ഓട വൃത്തിയാക്കല്‍: പാക്ക് ക്രൈസ്തവരുടെ നരകയാതന തുറന്നുക്കാട്ടി ന്യൂയോര്‍ക്ക് ടൈംസ്
സ്വന്തം ലേഖകന്‍ 15-05-2020 - Friday
കറാച്ചി: പാക്കിസ്ഥാനില്‍ ജാതിവ്യവസ്ഥയില്‍ മേലാളന്‍മാര്‍ എന്ന് നടിക്കുന്ന ഭൂരിപക്ഷ മുസ്ലീം വിഭാഗം മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ മലിന ജലമൊഴുകുന്ന ഓടകള്‍ വെറും കൈകള്‍ കൊണ്ട് വൃത്തിയാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്. ‘വൃത്തികെട്ടവര്‍’ എന്നാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെടുന്നതെന്നും പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴുക്കളും, അഴുക്കും, ക്ഷുദ്ര ജീവികളും വിഷവാതകങ്ങളും നിറഞ്ഞ സീവേജ് പൈപ്പുകള്‍ പലപ്പോഴും മുഖംമൂടിയോ, കയ്യുറകളോ ധരിക്കാതെയാണ് വൃത്തിയാക്കേണ്ടതായി വരുന്നത്.
ക്രൈസ്തവരും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുമാണ് അപകടകരവും, അറപ്പുളവാക്കുന്നതുമായ സീവേജ് പൈപ്പുകള്‍ വൃത്തിയാക്കുവാന്‍ നിര്‍ബന്ധിതരാകുന്നത്. ജനസംഖ്യയുടെ വെറും 1.6 ശതമാനം വരുന്ന ക്രൈസ്തവരാണ് സീവേജ് പൈപ്പുകളുടെ ശുചീകരണ പണികളുടെ 80 ശതമാനവും ചെയ്യുന്നത്. ഓടകള്‍ വൃത്തിയാക്കുന്നവര്‍ക്ക് വേണ്ടി പാക്കിസ്ഥാനി മിലിട്ടറി പത്രങ്ങളില്‍ കൊടുത്ത പരസ്യത്തില്‍ പോലും 'ക്രിസ്ത്യാനികള്‍' മാത്രം അപേക്ഷിച്ചാല്‍ മതി എന്നാണ് പറയുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഈ പരസ്യം പിന്നീട് നീക്കിയിരിന്നു.
കഠിനമായ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ചിത്രങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പൈപ്പിലെ മാരകമായ വിഷവാതകം കാരണം തന്റെ ബന്ധു ശ്വാസം മുട്ടി മരിക്കുന്നത് തനിക്ക് നോക്കി നില്‍ക്കേണ്ടതായി വന്നിട്ടുണ്ടെന്നു ഒരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. സീവേജ് ഓടകള്‍ വൃത്തിയാക്കുന്ന ക്രൈസ്തവരെ ചികിത്സിക്കുവാന്‍ ചില ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്ര ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍ ജാതിവ്യവസ്ഥയില്‍ ഉന്നതരെന്ന് നടിക്കുന്ന മുസ്ലീങ്ങളില്‍ നിന്നും കടുത്ത വിവേചനമാണ് ഇവര്‍ നേരിടുന്നത്.
പാകിസ്ഥാനില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളും ഈ ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. കടുത്ത മതതീവ്രവാദമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് രാജ്യത്തു കണക്കാക്കുന്നതെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക