News - 2025
ഒരാഴ്ചക്കുള്ളില്‍ വിശുദ്ധ കുര്‍ബാനക്കുള്ള വിലക്ക് നീക്കണം: ഫ്രഞ്ച് സ്റ്റേറ്റ് കൗണ്‍സില്‍ സര്‍ക്കാരിനോട്
പ്രവാചക ശബ്ദം 19-05-2020 - Tuesday
പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം അടക്കമുള്ള മതപരമായ കൂട്ടായ്മകള്‍ക്കുള്ള വിലക്ക് നീക്കം ചെയ്യണമെന്ന് ഫ്രഞ്ച് സ്റ്റേറ്റ് കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ വിലക്ക് നീക്കണമെന്നാണ് ഇന്നലെ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. കൊറോണയുടെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ‘ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ്’ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഫ്രാന്‍സിലെ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മെയ് 11ന് അനുവദിച്ച ഇളവുകളില്‍ ചെറിയ തോതിലുള്ള പൊതുകൂട്ടായ്മകള്‍ക്ക് അനുമതി നല്‍കിയെങ്കിലും മൃതസംസ്കാരം ഒഴികെയുള്ള മതപരമായ കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുകയാണ്.
പത്തു ആളുകളില്‍ കുറവായ കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയ സാഹചര്യത്തില്‍ വിശ്വാസപരമായ കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുന്നത് ശരിയല്ലെന്നും ദൈവാരാധനക്കുള്ള സ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും കൗണ്‍സിലിന്റെ ഉത്തരവില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയില്‍ എത്രപേര്‍ അനുവദനീയമാണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയൊന്നുമില്ലെങ്കിലും ദേവാലയത്തിന്റെ വിസ്തൃതിക്കനുസൃതമായി എട്ട് ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് പങ്കുചേരാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിന് പുറമേ ഇറ്റലിയിലും, അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് അനുവാദം ഇതിനോടകം നല്‍കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക