News - 2025
'രവി സഖറിയയെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാം': വിതുമ്പലോടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മക്എനാനി
പ്രവാചക ശബ്ദം 20-05-2020 - Wednesday
വാഷിംഗ്‌ടണ്‍ ഡി.സി: ഇന്നലെ അന്തരിച്ച പ്രശസ്ത വചന പ്രഘോഷകന്‍ രവി സഖറിയയുടെ മരണത്തില്‍ വിതുമ്പലോടെ ദുഃഖം പങ്കുവെച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കയ്ലെഗ് മക്എനാനി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള രവി സഖറിയായുടെ മരണം തീരാനഷ്ടമാണെന്ന് ക്രിസ്റ്റ്യന്‍ ബ്രോഡ്‌കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കുമായുള്ള അഭിമുഖത്തിനിടെ നിറകണ്ണുകളോടെ കയ്ലെഗ് സ്മരിച്ചു. താന്‍ സ്വര്‍ഗ്ഗത്തില്‍വെച്ച് കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കുന്ന ആളാണ് രവി. ബില്ലി ഗ്രഹാം മഹാനായ സുവിശേഷകനും, രവി സഖറിയ മഹാനായ അപ്പോളജിസ്റ്റുമാണെന്ന് തന്റെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അവര്‍ സ്മരിച്ചു.
ചെറുപ്പം മുതലേ താന്‍ യേശുവില്‍ വിശ്വസിക്കുന്നു. രവി സഖറിയയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും, യേശുവിനു വേണ്ടിയുള്ള തന്റെ ഹൃദയത്തിന് ദാര്‍ശനികവും സൈദ്ധാന്തികവുമായ യുക്തി നല്‍കിയതും, അനേകം നിരീശ്വരവാദികളായ പണ്ഡിതരുള്ള ഓക്സ്‌ഫോര്‍ഡിലേക്ക് പോകുവാനുള്ള ധൈര്യം തനിക്ക് ലഭിച്ചതും രവി സഖറിയയില്‍ നിന്നുമാണെന്നും മക്എനാനി ചൂണ്ടിക്കാട്ടി. രവി സഖറിയായുടെ നിര്യാണം സംബന്ധിച്ച അറിയിപ്പിന്റെ ഒടുവില്‍ കുറിച്ചിരുന്ന വിശുദ്ധ യോഹന്നാന്റെ (യോഹ14:19) സുവിശേഷ വാക്യത്തെക്കുറിച്ചും മക്എനാനി പരാമര്‍ശിച്ചിട്ടുണ്ട്.
“ബികോസ് ഐ ലിവ്, യു ഓള്‍സോ വില്‍ ലിവ്” (ഞാന്‍ ജീവിക്കുന്നു, അതിനാല്‍ നിങ്ങളും ജീവിക്കും) എന്ന ഈ ഏഴു വാക്കുകളാണ് 57 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രവി സഖറിയയുടെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് മക്എനാനി വിവരിച്ചു. “രവി സഖറിയയുടെ ജീവിതം അവസാനിച്ചിരിക്കാം, പക്ഷേ സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തിന്റെ ജീവിതം തുടരും. സ്വര്‍ഗ്ഗത്തില്‍ വെച്ച് ഞാന്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. രവി സഖറിയയുടെ പാരമ്പര്യം ഇവിടെ തന്നെ ഉണ്ട്, ഒരുപാട് ജീവിതങ്ങളെ അതിനിയും മാറ്റിമറിക്കും” എന്ന്‍ പറഞ്ഞുകൊണ്ടാണ് വൈറ്റ് ഹൗസിലെ ഉന്നത പദവി വഹിക്കുന്ന മക്എനാനി തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക