News - 2025
ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ഭരണകൂട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കർദ്ദിനാൾ നിക്കോൾസ്
പ്രവാചക ശബ്ദം 01-06-2020 - Monday
ലണ്ടന്‍: ലോക്ക്ഡൗണില്‍ വ്യാപക ഇളവുകൾ പ്രഖ്യാപിച്ചിട്ടും ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ബ്രിട്ടീഷ് ഭരണകൂട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്. വാഹന ഷോറൂമുകള്‍ തുറക്കാന്‍ അനുവാദം നല്‍കുകയും ദേവാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്ന നിലപാടിനെതിരെ അദ്ദേഹം ചോദ്യം ഉയര്‍ത്തി. അനേകം ഇളവുകള്‍ നല്‍കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പള്ളികൾ അടച്ചിട്ടിരിക്കുന്നതിന്റെ കാരണങ്ങളെ നേരിട്ട് ചോദ്യം ചെയ്യുകയാണെന്നു മെയ് 30നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മാർച്ച് ഇരുപതോടെ ദേവാലയങ്ങൾ അടച്ചതാണ്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ദേവാലയ ശുശ്രൂഷകൾ പുനരാരംഭിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കുന്നു എന്നത് മനസിലാകുന്നില്ലായെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ കുറിച്ചു. മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേവാലയങ്ങൾ പിന്തുടരുന്ന ആരാധന രീതി വ്യത്യസ്ഥമായതിനാല്‍ പ്രൊട്ടസ്റ്റന്റ്, ഇസ്ലാം ആരാധനാലയങ്ങൾ തുറക്കുന്നതിനു മുമ്പേ തന്നെ, കത്തോലിക്കാ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിരിന്നു.