News - 2025

ദിവ്യകാരുണ്യ സ്വീകരണം വിശുദ്ധ കുര്‍ബാനക്ക് ശേഷം, തിരക്കു കുറയ്ക്കാൻ കുര്‍ബാനയുടെ എണ്ണം കൂട്ടാം: സി‌ബി‌സി‌ഐ

പ്രവാചക ശബ്ദം 09-06-2020 - Tuesday

മുംബൈ: ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു ഇന്ന് മുതല്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അനുമതി നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങളുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി. പ്രത്യേകമായ പശ്ചാത്തലം കണക്കിലെടുത്ത് ദിവ്യകാരുണ്യ സ്വീകരണം വിശുദ്ധ കുർബാനയ്ക്കു ശേഷമാക്കണമെന്നും വിശ്വാസികളുടെ തിരക്കു കുറയ്ക്കാൻ കുര്‍ബാനയുടെ എണ്ണം കൂട്ടാമെന്നും സി‌ബി‌സി‌ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ദിവ്യകാരുണ്യം നാവിൽ സ്വീകരിക്കുന്നതു നിരുത്സാഹപ്പെടുത്തണമെന്നും എന്നാൽ, ഇക്കാര്യത്തില്‍ നിർബന്ധമുള്ളവർക്കു സങ്കീര്‍ത്തിയില്‍വെച്ചു വളരെ കരുതലോടെ നൽകാമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.

കുർബാന സമയം ഇടദിവസങ്ങളിൽ പരമാവധി 30 മിനിറ്റ്, ഞായർ ഒരു മണിക്കൂർ എന്നിങ്ങനെയാക്കണം. 65 വയസ്സിനു മുകളിലും 10ൽ താഴെയുമുളളവർക്കും പനിയോ ജലദോഷമോ ഉള്ളവർക്കും ‘ഞായർ കടമുള്ള ദിവസം’ എന്നതിൽ അതാത് രൂപതാധ്യക്ഷന്‍മാര്‍ ഇളവു നൽകണം. കുർബാന നൽകുന്നതിനിടെ വൈദികൻ വിശ്വാസിയുടെ കൈകളിൽ സ്പർശിക്കാനിടയായാൽ അണുവിമുക്തമാക്കിയ ശേഷം ദിവ്യകാരുണ്യം നല്‍കുന്നത് തുടരാം. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഓരോ രൂപതകളും മാർഗരേഖ തയാറാക്കുമ്പോൾ ഇവ ഉപയോഗപ്പെടുത്താം.

ഗായകസംഘം വേണ്ട, ഒരാ‍ൾക്കു പാടാം. കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകൾ ഉടൻ വേണ്ടെന്നും നിർദേശമുണ്ട്. വിശുദ്ധജലം വിശ്വാസികൾക്കായി സൂക്ഷിക്കുകയോ അവരുടെ മേൽ തളിക്കുകയോ ചെയ്യരുത്. ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത് പൊതുവായ നിർദേശങ്ങൾ മാത്രമാണെന്നും പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഓരോ രൂപതകളും മാർഗരേഖ തയാറാക്കാമെന്നും സിബിസിഐ പ്രസിഡന്‍റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ് സര്‍ക്കുലറില്‍ കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »