News - 2025
കൊറോണ: ഇറ്റലിയില്‍ മരണപ്പെട്ടത് 121 വൈദികര്‍, മെക്സിക്കോയില്‍ 24
പ്രവാചക ശബ്ദം 23-06-2020 - Tuesday
മെക്സിക്കോ സിറ്റി: കൊറോണ മൂലം ഇറ്റലിയില്‍ 121 വൈദികരും മെക്സിക്കോയില്‍ 24 വൈദികരും മരണപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും രോഗികള്‍ക്ക് വേണ്ടി ആത്മീയ ശുശ്രൂഷ ചെയ്തവരാണ്. ഇറ്റലിയില്‍ മരണപ്പെട്ട വൈദികരുടെ എണ്ണം സംബന്ധിച്ചു ദേശീയ മെത്രാന്‍ സമിതിയുടെ ഉടമസ്ഥതയിലുള്ള അവനീര്‍ പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ വൈദികരെ കൂടാതെ നാലു ഡീക്കന്‍മാരും, രണ്ട് കന്യാസ്ത്രീകളും കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ടെന്ന വിവരം രാജ്യത്തെ കത്തോലിക്ക മള്‍ട്ടിമീഡിയ സെന്ററിന്റെ (സി.സി.എം) മൂന്നാമത്തെ റിപ്പോര്‍ട്ടിലാണ് വ്യക്തമായിരിക്കുന്നത്.
മെക്സിക്കോയില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച ഫെബ്രുവരി 27 മുതല്‍ ജൂണ്‍ പകുതിവരെയുള്ള കണക്കാണിത്. പ്യുബ്ലാ അതിരൂപതയില്‍ മാത്രം ആറ് കത്തോലിക്ക വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. നെസാഹുവാല്‍കൊയോട്ട്ല്‍ രൂപതയില്‍ മൂന്നു വൈദികരും ഒരു പെര്‍മനന്‍റ് ഡീക്കനും, ഇസ്താപലാപാ രൂപതയില്‍ രണ്ട് വൈദികരും ഒരു പെര്‍മനന്‍റ് ഡീക്കനും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ട്ലാല്‍നെപാന്റ്ള രൂപതക്ക് രണ്ട് വൈദികരെയാണ് നഷ്ടപ്പെട്ടത്. മെക്സിക്കോ, ഗ്വാഡാലാജാര എന്നീ അതിരൂപതകളില്‍ രണ്ട് വൈദികരും, ലിയോണ്‍ അതിരൂപതയില്‍ ഒരു വൈദികനും മരണപ്പെട്ടു.
ടോളൂക്ക രൂപതയില്‍ രണ്ട് പുരോഹിതരും, ടെക്സ്കോക്കോ, അത്ലാകോമുല്‍ക്കോ, അസ്കാപോട്ട്സാല്‍ക്കോ, സിയുഡാഡ് ഒബ്രെഗോന്‍ എന്നീ രൂപതകളില്‍ ഓരോ വൈദികര്‍ വീതവും മരണപ്പെട്ടിട്ടുണ്ട്. വെരാക്രൂസ് രൂപതയിലും, പ്യുബ്ല അതിരൂപതയിലുമായി രണ്ട് കന്യാസ്ത്രീകളും മരണപ്പെട്ടിട്ടുണ്ട്. മെക്സിക്കന്‍ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസത്തോളമായി ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാജ്യത്ത് ഓരോ ദിവസവും ശരാശരി മൂവായിരത്തിയഞ്ഞൂറു പേര്‍ രോഗബാധിതരാകുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക