Life In Christ - 2025
തിരുസ്വരൂപം തകര്‍ക്കുവാനുള്ള ആഹ്വാനത്തിനിടെ മിഷന്‍ കേന്ദ്രങ്ങളിലൂടെ കാല്‍നട തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അധ്യാപകന്‍
പ്രവാചക ശബ്ദം 29-06-2020 - Monday
കാലിഫോര്‍ണിയയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്ഥാപകനായ വിശുദ്ധ ജൂനിപെറോ സെറായുടെ രൂപങ്ങള്‍ തകര്‍ക്കുവാനുള്ള മുറവിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശുദ്ധനോടുള്ള ആദരവുമായി കാലിഫോര്‍ണിയയിലെ കത്തോലിക്ക അധ്യാപകന്‍ നടത്തിയ തീര്‍ത്ഥാടനം ചര്‍ച്ചയാകുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ദൈവശാസ്ത്ര അധ്യാപകനായ ക്രിസ്റ്റ്യന്‍ ക്ലിഫോര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷമായി കാലിഫോര്‍ണിയയിലെ 21 മിഷന്‍ കേന്ദ്രങ്ങളും സന്ദര്‍ശിച്ചുകൊണ്ട് നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തിന് സമാപനമായത്. ഏറ്റവും വടക്കേ അറ്റത്തുള്ള സൊളാനോയിലെ ‘മിഷന്‍ സാന്‍ ഫ്രാന്‍സിസ്കോ സൊളാനോ’ എന്ന മിഷന്‍ കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ട് 2018 മെയ് മാസത്തിലാണ് ക്ലിഫോര്‍ഡ് തന്റെ കാല്‍നട തീര്‍ത്ഥാടനം ആരംഭിച്ചത്.
മിഷന്‍ സാന്‍ ഫെര്‍ണാണ്ടോ മുതല്‍ മിഷന്‍ സാന്റാ ഇനെസ് വരെയുള്ള 138 മൈല്‍ ആയിരുന്നു തീര്‍ത്ഥാടനത്തിന്റെ അവസാന ഭാഗം. ഇതിനിടയില്‍ സാന്‍ ബനവന്തൂര, സാന്റാ ബാര്‍ബറ എന്നീ മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. വിശുദ്ധ ജൂനിപെറോയുടെ വിശുദ്ധീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് ക്ലിഫോര്‍ഡിന്റെ തീര്‍ത്ഥാടനം അവസാനിച്ചത്. വിശുദ്ധര്‍ നടന്ന കാലടികളെ പിന്തുടര്‍ന്നുകൊണ്ട് വിശുദ്ധിയില്‍ വളരുന്നത് ഒരു അധ്യാപകനെന്ന നിലയില്‍ തനിക്കൊരു നല്ല അനുഭവമായിരുന്നുവെന്നു അദ്ദേഹം പ്രതികരിച്ചു. മിഷന്‍ കേന്ദ്രങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ കഴിഞ്ഞത് വിശുദ്ധ ജൂനിപെറോയുമായുള്ള തന്റെ ബന്ധത്തെ കൂടുതല്‍ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാന്‍ മാറ്റിയോയിലെ സെറാ ഹൈസ്കൂളില്‍ അധ്യാപകനായതിന് ശേഷമാണ് തങ്ങളുടെ രക്ഷാധികാരിയായ വിശുദ്ധ ജൂനിപെറോയെ കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം ക്ലിഫോര്‍ഡിനുണ്ടായത്. ഇക്കാലയളവില്‍ മിഷ്ണറി ഫ്രിയാര്‍മാരെക്കുറിച്ച് ഹൈസ്കൂള്‍ കുട്ടികള്‍ക്ക് കൂടുതല്‍ അറിയുവാന്‍ വേണ്ടി സപാനിഷ്-മെക്സിക്കന്‍ ചരിത്രത്തെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ “സെന്റ് ജൂനിപെറോ സെറാ: മേക്കിംഗ് സെന്‍സ് ഓഫ് ദി ഹിസ്റ്ററി ആന്‍ഡ് ലെഗസി” എന്ന ഗ്രന്ഥം സ്പാനിഷ് കോളനിവത്കരണത്തില്‍ പങ്കുചേര്‍ന്നതിന്റെ പേരില്‍ വിശുദ്ധനെതിരെ ചില മതനിരപേക്ഷ സംഘടനകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള തക്ക മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.