News - 2024

ക്രൈസ്തവ നരഹത്യയില്‍ മൗനം പാലിക്കുന്ന മനുഷ്യാവകാശ സംഘടനയ്ക്കെതിരെ ഹംഗറി

പ്രവാചക ശബ്ദം 29-06-2020 - Monday

ബുഡാപെസ്റ്റ്: ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവ സമൂഹമാണെന്ന വസ്തുത പ്രമുഖ മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പെടുന്ന ‘ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ (എച്ച്.ആര്‍.ഡബ്ലിയു) അവഗണിക്കുകയാണെന്ന് പീഡിത ക്രൈസ്തവരുടെ ചുമതലയുള്ള ഹംഗറി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച എം1 ടിവിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള ഹംഗേറി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും സര്‍ക്കാരേതര സംഘടനകളെ ലക്ഷ്യമിട്ടിരിക്കുകയാണെന്നുമുള്ള എച്ച്.ആര്‍.ഡബ്ലിയു ഡയറക്ടര്‍ കെന്നത്ത് റോത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയാണ് എച്ച്.ആര്‍.ഡബ്യു. ഹംഗേറിയന്‍-അമേരിക്കന്‍ നിക്ഷേപകനും കോടീശ്വരനുമായ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട സംഘടനയാണ് ‘എച്ച്.ആര്‍.ഡബ്യു’യെന്നും ആരെയാണ് സഹായിക്കേണ്ടതെന്ന കാര്യത്തില്‍ സംഘടന പക്ഷപാതപരമായി പെരുമാറുന്നുണ്ടെന്നും അസ്ബേജ് ആരോപിച്ചു. ലോകത്ത് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇരുന്നൂറോളം രാജ്യങ്ങളിലെ ക്രൈസ്തവരെ കുറിച്ച് സംഘടന ഒന്നും തന്നെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം മൂവായിരത്തോളം ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടതെന്നും മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിരപരാധികളുടെ സഹനങ്ങളെ ഇവര്‍ നിഷേധിക്കുകയും ചെയ്യുന്നുവെന്നും അസ്ബേജ് ചൂണ്ടിക്കാട്ടി.ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 25ന് അദ്ദേഹം ‘എച്ച്.ആര്‍.ഡബ്യു’വിന്റെ ‘യൂറോപ്പ് ആന്‍ഡ്‌ സെന്‍ട്രല്‍ ഏഷ്യാ’ വിഭാഗം തലവന്‍ ഹഗ് വില്ല്യംസണ്‍ തുറന്ന കത്തയച്ചിരുന്നു. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ലോകത്ത് ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തുന്ന രാജ്യമാണ് ഹംഗറി.


Related Articles »