Life In Christ - 2025
പ്രക്ഷോഭകര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത വൈദികനും വിശ്വാസ സമൂഹത്തിനും അഭിനന്ദന പ്രവാഹം
പ്രവാചക ശബ്ദം 30-06-2020 - Tuesday
മിസോറി: ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു അലയടിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ ലൂയിസിന്റെ രൂപത്തിനു സംരക്ഷണമൊരുക്കിയുള്ള കത്തോലിക്ക വൈദികന്‍റെയും സംഘത്തിന്റെയും ഇടപെടല്‍ ചര്‍ച്ചയാകുന്നു. രൂപം തകര്‍ക്കാനുള്ള നീക്കത്തെ തടഞ്ഞു സെന്റ് ലൂയിസ് അതിരൂപതാംഗമായ ഫാ. സ്റ്റീഫൻ സ്‌കൂമാച്ചര്‍ എന്ന വൈദികന്റെ നേതൃത്വത്തിൽ വിശ്വാസീ സമൂഹം പ്രതിരോധം തീര്‍ത്തതാണ് ക്രൈസ്തവ ലോകത്തു വലിയ ചര്‍ച്ചയായി മാറുന്നത്. 1906ലാണ് വിശുദ്ധ ലൂയിസിന്റെ ശിൽപ്പം ഇവിടെ സ്ഥാപിക്കുന്നത്. രൂപം തകര്‍ക്കാന്‍ നീക്കവുമായി പ്രക്ഷോഭകര്‍ എത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരിന്നു.
ഇതേ തുടര്‍ന്നു തങ്ങളുടെ നഗരത്തിന്റെ പേരിന് കാരണക്കാരനായ രാജാവിന്റെ രൂപത്തിനു സംരക്ഷണം ഒരുക്കാൻ നിരവധി വിശ്വാസികളാണ് പ്രക്ഷോഭകര്‍ എത്തുംമുമ്പേ സ്ഥലത്ത് എത്തിയത്. ആക്രോശവുമായി എത്തിയ പ്രക്ഷോപകർക്കു മുന്നിൽ ധീരതയോടെ സംരക്ഷണ കവചം ഒരുക്കിയ ഫാ. സ്റ്റീഫൻ സ്‌കൂമാച്ചാറും സംഘവും ഭീഷണി ഭയക്കാതെ രൂപത്തിനു മുന്നില്‍ നിലയുറപ്പിക്കുകയായിരിന്നു. ആക്രോശങ്ങള്‍ ഉയരുമ്പോഴും ലൂയിസ് രാജാവിന്റെ ചരിത്രം വിവരിച്ചു നൽകിയുള്ള ഫാ. സ്റ്റീഫന്‍റെ പ്രതികരണത്തിന് വലിയ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കത്തോലിക്കസഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ ഏക ഫ്രഞ്ച് രാജാവാണ് ലൂയിസ് ഒന്‍പതാമൻ. ധർമിഷ്ഠനായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ശത്രുക്കളോടുപോലും അനുകമ്പ കാണിച്ചു എന്നാണ് ചരിത്രരേഖകളില്‍ പറയുന്നത്.