News - 2025
139 രാജ്യങ്ങളിലെ 5230 പദ്ധതികള്‍ക്ക് സഹായം: എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ വാർഷിക റിപ്പോർട്ട് പുറത്ത്
പ്രവാചക ശബ്ദം 02-07-2020 - Thursday
ആഗോള തലത്തില്‍ ഏറ്റവും സജീവമായ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 139 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 1162 രൂപതകളിൽ, 5230 പദ്ധതികൾക്ക് സംഘടന സഹായം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 3,33,000 ആളുകൾ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും പശ്ചിമേഷ്യയിലുമാണ് സംഘടന ഏറ്റവും കൂടുതൽ സഹായം എത്തിച്ചത്. രാജ്യങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് സിറിയയ്ക്കാണ്. 7.5 മില്യൺ യൂറോയാണ് അവർക്ക് ലഭിച്ചത്.
പത്തു വർഷത്തെ യുദ്ധക്കെടുതി മൂലം സിറിയയില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടിയ നിനവേ പ്രവിശ്യയുടെ പുനരുദ്ധാരണത്തിനായി ഇറാഖിന് 5.5 മില്യൺ യൂറോയുടെ സഹായവും നല്‍കി. തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണി നേരിടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് 5.2 മില്യൺ യൂറോയാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിയത്. 2019 വാർഷിക വർഷം തങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ 3.2 ശതമാനത്തിന്റെ വളർച്ച ഉണ്ടായതായി സംഘടന വെളിപ്പെടുത്തി.