News

ആഗോള തലത്തിലെ ക്രൈസ്തവ വേട്ടയ്ക്കു പിന്നില്‍ ജിഹാദികളും ദേശീയവാദികളും; എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ട് പുറത്ത്

പ്രവാചകശബ്ദം 17-11-2022 - Thursday

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ മുൻനിരയിൽ ഇസ്ലാമിക തീവ്രവാദികളും, ദേശീയവാദികളുമെന്ന് വിശദമാക്കുന്ന റിപ്പോർട്ട് പുറത്ത്. 'Persecuted and Forgotten? A Report on Christians oppressed for their Faith 2020-22' എന്ന പേരിലുള്ള റിപ്പോർട്ട് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശ്നബാധിത സ്ഥലങ്ങളിലെ ആളുകളിൽ നിന്നും സംഘടനയുമായി ബന്ധമുള്ളവരിൽ നിന്നുമടക്കം റിപ്പോർട്ടിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. യുകെയിലെ റിപ്പോർട്ട് പ്രകാശന ചടങ്ങ് പാർലമെന്റ് മന്ദിരത്തിലാണ് നടന്നത്. ജൂൺ മാസത്തില്‍ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തി നാല്പതിന് മുകളിൽ ആളുകളെ വധിച്ച ദേവാലയം സ്ഥിതി ചെയ്യുന്ന നൈജീരിയയിലെ ഒൺണ്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടേഡ് മുഖ്യപ്രഭാഷണം നടത്തി.

നൈജീരിയയുടെ ഉത്തര, മധ്യ ബെൽറ്റുകളിൽ നടക്കുന്ന വംശഹത്യ ആരും ഗൗനിക്കുന്നില്ലായെന്നു ബിഷപ്പ് പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ കിട്ടാൻ ഇനി എത്ര ശവശരീരങ്ങൾ കാണേണ്ടി വരുമെന്ന് അദ്ദേഹം ആശങ്കയോടെ ചോദ്യം ഉയര്‍ത്തി. റിപ്പോർട്ടിന് വേണ്ടി വിവരങ്ങൾ ശേഖരിച്ച 24 രാജ്യങ്ങളിൽ 75 ശതമാനത്തിലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. 2021 ജനുവരി മാസത്തിനും 2022 ജൂൺ മാസത്തിനും ഇടയിൽ 7600 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത്. ബോക്കോഹറാം തീവ്രവാദി സംഘടന 20 ക്രൈസ്തവരെ വധിക്കുന്ന വീഡിയോ ദൃശ്യം മെയ് മാസത്തില്‍ പുറത്തുവിട്ടിരുന്നു.

ഏഷ്യൻ രാജ്യമായ ഉത്തരകൊറിയയിൽ സർക്കാർ നടത്തുന്ന അടിച്ചമർത്തലും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിലും, ശ്രീലങ്കയിലും നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളുടെ പിന്നിൽ യഥാക്രമം ഹിന്ദുത്വ, സിംഹളീസ് ആശയങ്ങൾ ഉള്ളവരാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 2021 ജനുവരി മാസത്തിനും 2022 ജൂൺ മാസത്തിന് ഇടയിൽ 710 ക്രൈസ്തവ വിരുദ്ധ രാഷ്ട്രീയ അക്രമങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തീവ്രവാദത്തിന്റെയും, സാമ്പത്തിക ദുരിതത്തിന്റെയും ഇടയിൽ മധ്യേഷ്യയിൽ നിന്നും ക്രൈസ്തവർ പലായനം ചെയ്യുന്നത് ഒരു വെല്ലുവിളിയാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് പറയുന്നു.

സിറിയയിൽ, ക്രൈസ്തവ ജനസംഖ്യ 10 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിൽ താഴെയായി കുറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 1.5 ദശലക്ഷമുണ്ടായിരിന്ന ക്രൈസ്തവര്‍ ഇന്ന് 300,000 മാത്രമാണ്. 2014ല്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് മുമ്പ് ഏകദേശം 300,000 ഉണ്ടായിരിന്ന ക്രൈസ്തവ സമൂഹം 2022-ല്‍ 150,000 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ ആഭിമുഖ്യത്തില്‍ പീഡനമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ക്രൈസ്തവരെ പ്രത്യേകം സ്മരിച്ചുള്ള 'റെഡ് വീക്ക്' ആചരണം നടക്കുകയാണ് ഇപ്പോള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »